ആലുവയിൽ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം, സർക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്

എറണാകുളം : അഞ്ച് വയസ്സുകാരി ആലുവയിൽ അതിക്രരൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊതുതാൽപ്പര്യ ഹർജിയിൽ സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ച് ഹൈക്കോടതി. സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടിയുള്ള പൊതുതാൽപ്പര്യ ഹർജിയിലാണ് സംസ്ഥാന സർക്കാറിന് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്

അതിഥി തൊഴിലാളിയുടെ ക്രൂരതയ്ക്ക് ഇരയായി ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പൊതുതാൽപ്പര്യ ഹർജിയുമായി അഭിഭാഷകനായ വിടി സതീഷ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിന്‍റെ പുനരധിവാസവും ഉറപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

അതേസമയം ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒൻപത് ലക്ഷവും കുടുംബത്തിന് നൽകും.

പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. പിന്നീട് ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ മന്ത്രി വീണ ജോർജ്ജ് സംസ്ഥാന സർക്കാരിന്റെ അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. പ്രതി അസ്ഫാക് ആലം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. താൻ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ അസ്‌ഫക്കിന്‍റെ മൊഴി.