മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ന്യൂഡല്‍ഹി. മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതിയുനായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി ഭവനില്‍ എത്തിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹം ട്വീറ്റ് ചെയ്തു. മണിപ്പൂരില്‍ എത്തിയ അമിത്ഷാ സംഘര്‍ഷത്തില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമങ്ങള്‍ മണിപ്പൂരില്‍ ഫലംകണ്ടു. അക്രമികള്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങി. കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 140 എണ്ണം മോഷ്ടിച്ചവര്‍തന്നെ അധികൃതരെ തിരിച്ചേല്‍പ്പിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 140 ആയുധങ്ങളാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തോക്ക്, കണ്ണീര്‍വാതക ഷെല്ലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് തിരിച്ചെത്തിയത്.

2000-ത്തോളം ആയുധങ്ങളാണ് കലാപത്തിനിടെ മോഷ്ടിക്കപ്പെട്ടത് എന്നാണ് വിവരം. എ.കെ 47 തോക്കുകള്‍, ഇന്‍സാഫ് റൈഫിളുകള്‍, സ്റ്റെന്‍ ഗണ്ണുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയവ തിരിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷം കുറഞ്ഞതോടെ പല ജില്ലകളിലും കര്‍ഫ്യു ഇളവ് നല്‍കി. അക്രമികള്‍ ആയുധം താഴെവെക്കണമെന്നും, സുരക്ഷാ സേനയില്‍ നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍ തിരികെ നല്‍കണമെന്നും സമാധാന ചര്‍ച്ചകള്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.