ഷമ്മിയെ പുറത്താക്കിയിട്ടില്ല, ശക്തമായ പ്രതിഷേധം ഷമ്മിക്കെതിരെ സംഘടനയിലുണ്ട്

ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയിലെ അം​ഗമാണ്, ഷമ്മിയെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് മീറ്റിം​ഗിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ ഷമ്മിയെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായം. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ന് ചേർന്ന വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പുറത്താക്കാൻ അധികാരമില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

”അമ്മയ്‌ക്കെതിരെ ഷമ്മി തിലകൻ സോഷ്യൽമീഡിയയിൽ കൂടി അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചതിൽ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായമാണ് നടത്തിയത്. എന്നാൽ അതിന് മുൻപ് അദ്ദേഹത്തെ കേൾക്കേണ്ട ബാധ്യതയുണ്ട്.” -സിദ്ദിഖ് പറഞ്ഞു.അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷമ്മിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ബൈലോ അനുസരിച്ചായിരിക്കും നടപടിയെന്നും എഎംഎംഎ പ്രതിനിധികൾ അറിയിച്ചു.

അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷമ്മിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ബൈലോ അനുസരിച്ചായിരിക്കും നടപടിയെന്നും എഎംഎംഎ പ്രതിനിധികൾ അറിയിച്ചു. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ സംഘടനയിൽ ഉയർന്ന ആരോപണം. 2021 ഡിസംബറിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി മൊബൈലിൽ ചിത്രീകരിച്ചതോടെയാണ് നടപടി ആവശ്യം കൂടുതൽ ശക്തമായത്.