മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിച്ചത് ബെംഗളൂരുവിൽ നിന്ന് എത്തുന്ന ആളെയും കാത്ത്

പത്തനംതിട്ട. ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരം. അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി പറഞ്ഞുവെന്ന് ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും പറയുന്നു. അവയവങ്ങള്‍ വാങ്ങുന്നതിനായി ബെംഗ്ലൂരുവില്‍ നിന്ന് ആളെത്തുമെന്ന് ഷാഫി പറഞ്ഞിരുന്നുവെന്നും പ്രതികള്‍ പറയുന്നു.

അതേസമയം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ ശരീരത്തിലും ചില അവയവങ്ങള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം അവയവങ്ങള്‍ മുറിച്ച് മാറ്റിയെന്നും പിന്നീട് കുഴിയില്‍ നിക്ഷേപിച്ചെന്നുമാണ് പ്രതികള്‍ പറയുന്നത്. അതേസമയം പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ എളുപ്പം വേര്‍പ്പെടുത്താവുന്ന സന്ധികള്‍ ഏതെല്ലാമെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്.

ശരീരത്തിന്റെ ഘടന കൃത്യമായി അറിയുന്നവര്‍ക്ക് മാത്രമാണ് ഇതിന് കഴിയുക. രണ്ടും മൂന്നും പ്രതികളായ ഭഗല്‍ സിങ്ങിനും ലൈലയ്്ക്കും ഇത്തരത്തില്‍ അവയവങ്ങള്‍ വേര്‍പ്പെടുത്താനുള്ള കഴിവുണ്ടെന്ന് പോലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്‌കരിച്ചത് ഷാഫിയാണെന്നാണ് മൊഴി എങ്കിലും ഇക്കാര്യം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.