വിസി നിയമനം: സർവ്വകലാശാലകളോട് ഗവർണർ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടു.

തിരുവനന്തപുരം. സർവ്വകലാശാലകളിൽ ഒഴിവു വരുന്ന വിസിമാരുടെ താൽക്കാലിക ചുമതല നൽകാൻ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർണായക നീക്കം. 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വിസി മാർക്ക് ഇക്കാര്യത്തിൽ ഗവർണർ കത്ത് അയച്ചു. ഉടനടി പട്ടിക നൽകാനാണ് രാജ് ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും. വിസി യുടെ താൽക്കാലിക ചുമതല സാധാരണ മറ്റു സർവ്വകലാശാലകളിലെ വിസി മാർക്കാണ് നൽകാറുള്ളത്. കാർഷിക സർവ്വകലാശാല വിസിയുടെ താൽക്കാലിക ചുമതല സർക്കാർ നിർദേശ പ്രകാരം അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർക്കാണ് നേരത്തെ നൽകിയത്.

വിസിയുടെ താൽക്കാലിക ചുമതല സർക്കാരുമായി ആലോചിച്ച് നൽകണമെന്ന് കാർഷിക സർവ്വകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു സർവ്വകലാശാലകളിൽ ഇത് ഇല്ല. ഗവർണർക്ക് സ്വതന്ത്രമായ തീരുമാനം മറ്റു സർവ്വകലാശാലകളിൽ കൈക്കൊള്ളാം. മുൻകാലങ്ങളിൽ സർക്കാരുമായി ഗവർണർ കൂടിയാലോചിക്കാറുണ്ടായിരുന്നു. ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തിൽ ഗവർണർ സ്വന്തം നിലയിലായിരിക്കും താൽക്കാലിക വിസിമാരെ നിയമിക്കുന്നത്.

സർവ്വകലാശാലയിലെ തന്നെ ഒരു പ്രൊഫസർക്കു വിസി യുടെ ചുമതല നൽകുന്നതിനാണ് പട്ടിക അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി നിയമപ്രകാരം വിസി യായി നിയമിക്കപെടുന്നതിന് പത്തു വർഷത്തെ പ്രൊഫസർ സേവനം ഉണ്ടായിരിക്കണം.