ആ കൂട്ടത്തില്‍ ഒരാള്‍ മുഖത്ത് തുപ്പി, അടിച്ചു, അവിടെ നിന്നാണ് ഇന്നത്തെ അനന്യ ആത്, വേങ്ങരയിലെ ട്രാന്‍ജന്‍ഡര്‍ സ്ഥാനാര്‍ത്ഥി പറയുന്നു

ഇക്കുറി വേങ്ങര മണ്ഡലത്തില്‍ നിന്നും സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ട്രാന്‍സ് വുമണ്‍ അനന്യ കുമാരി അലക്‌സ് ആണ്. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് അനന്യ. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അവര്‍. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായ പികെ കുഞ്ഞാലിക്കുട്ടിയോടും ഇടത് സ്ഥാനാര്‍ത്ഥ് പി ജിജി തുടങ്ങിയവരോണ് അനന്യ മത്സരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം തെല്ലും അവരെ അലട്ടുന്ന വിഷയമാവുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് തുറന്ന് സംസാരിച്ചിരിക്കുകയാണ് അനന്യ.

അനന്യയുടെ വാക്കുകള്‍ ഇങ്ങനെ, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണെന്ന് അവര്‍ പറയുന്നു. മാറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ശബ്ദമാകാനാണ് ശ്രമം. ഇവിടത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെല്ലാം വളരെ സന്തോഷത്തിലാണ്.’ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലും മികച്ച നേതാക്കന്മാരും സംഘാടകരും പല കഴിവുകളുമുള്ളവരുണ്ട്. മറ്റെല്ലാവരെയും പോലെ ജീവിക്കാനും സമൂഹത്തെ നയിക്കാനും നേതാക്കന്മാരാകാനും ഞങ്ങള്‍ക്കും കഴിയും. അതു തെളിയിക്കാനാണ് ശ്രമം. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്ത്രീ- പുരുഷ സമത്വത്ത പറ്റി മാത്രമേ ആളുകള്‍ക്കറിയൂ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ചോ അവരുടെ അവകാശങ്ങളെ കുറിച്ചോ ആരും സംസാരിക്കുന്നില്ല. സ്ത്രീ- പുരുഷ-ട്രാന്‍സ്‌ജെന്‍ഡര്‍ സമത്വമാണ് വരേണ്ടത്.

സ്ത്രീകള്‍ക്കും ഇവിടെ തുല്യനീതി കിട്ടുന്നില്ല. ഒഴിവാക്കാനാകാത്ത സ്ത്രീകള്‍ക്ക് മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയത്. ഇന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ എന്താണെന്ന ധാരണയില്ലാത്തവരുണ്ട്. വോട്ടുതേടിയുള്ള യാത്രയ്ക്കിടെ താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണെന്നും അങ്ങോട്ടുപറഞ്ഞാണ് വോട്ടുചോദ്യം. മിക്ക ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പോലെ തിരസ്‌കാരത്തിന്റെയും അവഗണനയുടെയും ഒരു കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നു കാണുന്ന നേട്ടങ്ങളിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പ്ലസ് ടുവില്‍ ഡ്രോപ് ഔട്ട് ആയി ബാംഗ്ലൂരിലേക്ക് പലായനം. അവിടെ വിശപ്പടക്കാന്‍ ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്, ആള്‍ക്കൂട്ടത്തില്‍നിന്നൊരാള്‍ മുഖത്തു തുപ്പിയിട്ടുണ്ട്, അടിച്ചിട്ടുണ്ട്. അവിടുന്നാണ് ഇന്നത്തെ അനന്യ ആയത്.

‘എനിക്കെന്റെ സ്വന്തമായ അന്തസ്സുണ്ട്, മൂല്യങ്ങളുണ്ട്, രാഷ്ട്രീയമുണ്ട്. ഒരു വ്യക്തിക്ക് അവരായിരിക്കാനുള്ള രാഷ്ട്രീയമാണ് പ്രധാനം. പതിനെട്ടാം വയസ്സില്‍ ഹോട്ടലില്‍ പാത്രം കഴുകിയും ബാറില്‍ മേശ തുടച്ചും ശുചിമുറി വൃത്തിയാക്കിയുമെല്ലാമാണു ജീവിച്ചത്. ഓട പണിയ്ക്കും പെട്രോള്‍ പമ്പിലും എന്നുവേണ്ട ഉപജീവനത്തിനായി ചെയ്യാത്ത ജോലികളും കുറവ്. ആ ജീവിതത്തില്‍നിന്നാണ് മലയാളവും ഇംഗ്ലിഷും കന്നഡയും തമിഴും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കുന്ന, മികച്ച വാഗ്മിയായ അനന്യ ഉണ്ടായത്. പക്ഷേ ഇന്നും എനിക്ക് ഞാനായി ജീവിക്കാന്‍ ഒരു പാട് പോരാടേണ്ടതുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ടു മാത്രം ഇന്നും എത്രയെത്ര അവസരങ്ങളാണ് !ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. ഇനി നല്ല വിദ്യാഭ്യാസം കിട്ടാതെ, സ്വന്തം സ്വത്വത്തില്‍ ജീവിക്കാന്‍ പറ്റാതെ ആരും പാര്‍ശ്വവല്‍ക്കപ്പെട്ടുപോകരുത്. ജയമോ തോല്‍വിയോ അല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രതിനിധീകരിക്കുകയാണു ലക്ഷ്യം. ആരും തിരിച്ചറിയാതെ ലോകത്തിന്റെ ഒരു കോണില്‍ ജീവിച്ചുപോകാനല്ല, ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം എനിക്ക്…’