ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇഡി റെയ്ഡ് പോലീസ് ചോർത്തി പ്രതികളേ രക്ഷിച്ചു

തൃശൂര്‍. ഇഡി പരിശോധനയ്ക്കായി വീട്ടില്‍ എത്തുന്ന വിവരം അറിഞ്ഞ് ഹൈറിച്ചിന്റെ ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനും രക്ഷപ്പെടാന്‍ അവസരം നല്‍കിയത് തൃശൂര്‍ റൂറല്‍ പോലീസാണെന്ന് അനില്‍ അക്കരെ ആരോപിച്ചു.

സംഭവത്തില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ നടപടികള്‍ അന്വേഷിക്കണമെന്നും അനില്‍ അക്കരെ ആവശ്യപ്പെട്ടു. കെഡി പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ ശരണ്‍ എന്നിവരാണ് ഇഡി പരിശോധനയ്ക്കായി എത്തുന്നതറിഞ്ഞ് വീട്ടില്‍ നിന്നും മുങ്ങിയത്. ഇഡി സംഘം രാവിലെ 10.30ന് വീട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് സംഘം വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിനിടെയാണ് പരിശോധന വിവരം പോലീസ് ചോര്‍ത്തിയതെന്നാണ് അനില്‍ അക്കരയുടെ ആരോപണം.

ഹൈറിച്ചുമായി ബന്ധപ്പെട്ടത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പാണ്. കേരള പോലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി വളരാന്‍ കാരണമെന്നും അനില്‍ അക്കരെ ആരോപിച്ചു.