സഞ്ചാരികളുടെ മിനി പാരഡൈസ് ആയ മാലദ്വീപുകാർക്ക് മതത്തിനപ്പുറം ഒരു ചരിത്രവുമില്ല, ശാസ്ത്രബോധവുമില്ല, അഞ്ജു പാർവ്വതി

നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിലിറങ്ങിയെന്നത് വെറും അമേരിക്കയുടെ വാദം മാത്രമാണെന്നു വാദിക്കുന്ന ശാസ്ത്ര വിദ്യാർത്ഥികളുടെ നാടാണത്. അങ്ങനെയുള്ള മനുഷ്യരുടെ മനസ്സിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കി നിലവിൽ ഇന്ത്യ എന്നത് ഒരു മത രാഷ്ട്രം ആണെന്നും അതിന് കാരണക്കാരൻ നരേന്ദ്ര മോദി ആണെന്നും ഒക്കെ പറഞ്ഞുകൊടുക്കുന്ന നല്ലവരായ ഇന്ത്യൻ ഉണ്ണികൾക്ക് പഞ്ഞമില്ലാത്ത നാടും. മാലദ്വീപും അവിടുത്തെ മന്ത്രിമാർ പ്രധാന മന്ത്രി നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ വിവാദ പ്രസ്താവനകളും വാർത്തയാവുമ്പോൾ മാധ്യമപ്രവർത്തക അഞ്ജു പാർവ്വതി പ്രബീഷ് പ്രതികരിക്കുന്നു.

അഞ്ജു പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാലദ്വീപും അവിടുത്തെ മന്ത്രിമാർ നമ്മുടെ പ്രധാന മന്ത്രിയെ കുറിച്ച് പറഞ്ഞ വിവാദ പ്രസ്താവനകളും വാർത്തയാവുമ്പോൾ മാലദ്വീപിൽ എത്രയോ വർഷങ്ങൾ അദ്ധ്യാപിക ആയിരുന്ന, ഇപ്പോൾ അവരുടെ നാഷണൽ യൂണിവേഴ്സിറ്റിയിൽ GEM കോഴ്സ് ഓൺലൈനിൽ പഠിപ്പിക്കുന്ന ആളെന്ന നിലയിൽ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവൽക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്താൽ വാർത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയൽരാജ്യമായ മാലദ്വീപിൽ നിന്നും ആയിടയ്ക്ക് എനിക്ക് വന്ന ഫോൺകോളിനെ കുറിച്ചും പറയേണ്ടതുണ്ട്.

ഫോണിലൂടെ എന്നോട് സംസാരിച്ച ആ മാൽദ്വീവിയൻ പെൺകുട്ടി സഹാ അബ്ദുൾസിയാദ് ആവേശകൊടുമുടിയിലാണ് അന്ന് എന്നോട് സംസാരിച്ചത്. മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ ഉയർന്ന തസ്തികയിൽ ജോലിനോക്കുന്ന ആ പെൺകുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് .പഠിപ്പിന്റെ ഇടവേളകളിൽ രാഷ്ട്രീയം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വാചാലയായ ആ പെൺകുട്ടി എന്നെ അന്ന് വിളിച്ചത് നരേന്ദ്രമോദിയെന്ന നമ്മുടെ കാവൽക്കാരനെ അടുത്തു കണ്ടതിലും സംസാരിച്ചതിലും വിരുന്നിൽ ഒപ്പം പങ്കെടുത്തതിലുമുള്ള സന്തോഷം പങ്കിടാനായിരുന്നു. വിദേശ വിശിഷ്ടാതിഥികൾക്കുള്ള മാലദ്വീപിന്റെ പരമോന്നത ബഹുമതി ‘നിഷാൻ ഇസ്സുദ്ദീൻ’ നൽകി മോദിയെ ആദരിച്ചിരുന്നത് നേരിൽ കണ്ടതിന്റെ സന്തോഷവും അന്ന് അവൾ പറഞ്ഞു.

ഒപ്പം അവൾ പറഞ്ഞൊരു വാചകമുണ്ട്.”Miss,That gentleman’s simplicity and mannerisms totally changed my perspective “.അതേ,ആ ഒരു വാചകത്തിൽ എല്ലാം ഉണ്ടായിരുന്നു. അന്ന് അവളുടെ ഫോൺ വച്ചതിനു ശേഷം ഞാൻ എന്റെ സാഹൃദ ലിസ്റ്റിലുള്ള മാലദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യൻ അദ്ധ്യാപകരുടെ മുഖപുസ്തക ഭിത്തിയിലൊന്നു തിരഞ്ഞു. ഒന്ന് രണ്ട് അദ്ധ്യാപികമാർ മാത്രം അതിനെ കുറിച്ച് എഴുതുകയും ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ കേരള രാഷ്ട്രീയത്തിന്റെ നന്മകൾ നിരത്തി വിളമ്പിയിരിക്കുന്നു.

മാലദ്വീപ് എന്ന സഞ്ചാരികളുടെ പറുദീസയിൽ ഞാനാദ്യം ചെന്നിറങ്ങുന്നത് 2011 ജനുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ ആംഗലേയ അദ്ധ്യാപികയായിട്ടാണ്. തലസ്ഥാന നഗരമായ മാലെയിൽ നിന്നും ഏകദേശം 76 നോട്ടിക്കൽ മൈൽ തെക്ക് വടക്കായിട്ട് സ്ഥിതി ചെയ്യുന്ന ദാൽ മീദുവെന്ന വെറും 43 ഏക്കർ മാത്രം വിസ്തീർണ്ണമുള്ള ചെറിയ ദ്വീപിലേയ്ക്കായിരുന്നു എന്റെ നിയമനം. അതിനു മുമ്പ് കേംബ്രിഡ്ജ് സിലബസ് കൈകാര്യം ചെയ്തിരുന്നതിനാൽ തന്നെ അദ്ധ്യാപനം ബുദ്ധിമുട്ടായിരുന്നില്ലായെങ്കിലും കുട്ടികളുടെ പെരുമാറ്റരീതി ചെറുതായിട്ട് ബുദ്ധിമുട്ടിച്ചിരുന്നു. ആ ദ്വീപ്നിവാസികൾക്ക് ഇന്ത്യക്കാരോടു നല്ല സമീപനമായിരുന്നു.

2011 മുതൽ മാലദ്വീപിലുണ്ടായിരുന്ന ഞാൻ പലവട്ടം സാക്ഷിയായിട്ടുണ്ട് അസ്ഥിരമായ രാഷ്ട്രീയത്തിലേയ്ക്ക് ആ കൊച്ചുരാജ്യം കൂപ്പുകുത്തുന്നതിന്. 2011 ൽ ഞാനവിടെ ചെല്ലുമ്പോൾ മുഹമ്മദ് നഷീദായിരുന്നു മാലദ്വീപ് പ്രസിഡന്റ്. 1965-ല്‍ സ്വതന്ത്രമായ മാലദ്വീപില്‍ ആദ്യമായി സ്വതന്ത്രമായ, ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നത് 2008ലാണ്. അതിനു മുൻപ് 30 വർഷം (1978-2008) മൌമൂൻ അബ്ദുൽ ഗയൂമിന്റെ ഏകാധിപത്യമായിരുന്നു. 2008ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ച 41കാരനായ മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലാണ് രാജ്യം ജനാധിപത്യമാർഗത്തിൽ പിച്ചവയ്ക്കാൻ തുടങ്ങിയത്.

എന്നാൽ, നാലു വർഷത്തിനകം ഗയൂമിന്റെ ആളുകൾ ഗയൂമിന്റെ അർദ്ധസഹോദരനായ അബ്ദുള്ള യമീന്റെയും പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ അദ്ദേഹത്തെ അട്ടിമറിച്ചു. ജനാധിപത്യത്തെ സൈനിക അട്ടിമറിയിലൂടെ മലർത്തിയടിച്ച നാളുകളിൽ മാലദ്വീപിലാകമാനം ജനകീയപ്രക്ഷോഭണം നടന്നെങ്കിലും എല്ലാത്തിനെയും ശക്തമായി പോലീസും പട്ടാളവും നേരിട്ടു. ചെറുദ്വീപായ മീദുവിൽ വൻതോതിലുള്ള ജനകീയ പ്രക്ഷോഭവുമായി രംഗത്തെത്തിയ നഷീദിന്റെ എം.ടി.പി പാർട്ടിയെ കുടഹുവദുവെന്ന ദ്വീപിൽ നിന്നെത്തിയ പോലീസ് സംഘം അമർച്ചച്ചെയ്യുന്നതിനൊക്കെ ഞാൻ സാക്ഷിയാണ് .ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപികയായ ഫാത്തുവും (ഫാത്തിമത് തസ്നീം) അവരുടെ ഭർത്താവും അദ്ധ്യാപകനുമായ അസ്ലാമുമൊക്കെ ഇതിന്റെ പേരിൽ വിചാരണ നേരിട്ടവരാണ്.

2013ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അബ്ദുള്ള യമീനായിരുന്നു. അത് നേരായ മാർഗ്ഗത്തിലൂടെയായിരുന്നില്ല താനും. ഒന്നാം റൗണ്ടിൽ ഏറ്റവും മുന്നിൽ നഷീദായിരുന്നുവെങ്കിലും രണ്ടാം റൗണ്ടിൽ അദ്ദേഹം യമീനോടു തോറ്റു. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും കൂടി യമീന്റെ വിജയത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന ആരോപണം അന്ന് ശക്തമായിരുന്നു. അബ്ദുള്ള യമീന്റെ ഭരണത്തിന്റെ തുടക്കം മുതൽക്കേ ഇന്ത്യയുമായിട്ട് അകലം പാലിക്കാനും ചൈനയുമായിട്ട് അടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. പ്രവാസികളായ ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്ന മേഖലകളായ വിദ്യാഭ്യാസമേഖലയിലും ആരോഗൃമേഖലയിലും ടൂറിസം മേഖലയിലും പരമാവധി തദ്ദേശീയരെ ഉൾപ്പെടുത്താനുള്ള ശ്രമവും തുടങ്ങി. ഇന്ത്യക്കാർക്ക് നല്കിയിരുന്ന പല ആനുകൂല്യങ്ങളും നിറുത്തലാക്കി. 2014 ൽ ശ്രീ.നരേന്ദ്രമോദി അധികാരമേറ്റതോടെ പൂർണ്ണമായും ഇന്ത്യയെ അവഗണിച്ചുക്കൊണ്ട് ചൈനയുമായി പല കരാറുകളിലും ഒപ്പു വച്ചു.

എന്തുകൊണ്ടാകും നരേന്ദ്രമോദിയോട് അബ്ദുള്ള യാമീനോട് ഈ അകൽച്ച തോന്നാനുള്ള കാരണം?യമീനു മാത്രമല്ല മാലദ്വീപിലെ മുക്കാൽ ശതമാനം ജനങ്ങൾക്കും നരേന്ദ്രമോദിയെന്ന പേരിനോടും ആ പാർട്ടിയോടും അകൽച്ചയുണ്ട്. എന്താണ് അതിന്റെ കാരണം?
അതിലേയ്ക്ക് അല്പം ആഴത്തിലേയ്ക്ക് കടന്ന് ചെല്ലേണ്ടിവരും.

കുറച്ചുകാലം മുമ്പ് വരെ ഇന്ത്യയുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരു ശരാശരി മാലദ്വീപുകാരനോട് ചോദിച്ചാൽ ആകെ അറിയാവുന്നത് കുറച്ചുപേരുകൾ മാത്രമാണ്. ഓരോ മാലദ്വീപുകാരനും ആരാധനയോടെ ഓർത്തിരിക്കുന്ന ഒരു നാമമാണ് ശ്രീ.രാജീവ് ഗാന്ധി. ഒപ്പം ഓപ്പറേഷൻ കാക്റ്റസ് എന്നതും. ലോകത്തെ ആകമാനം ഞെട്ടിച്ച ഓപ്പറേഷന്‍ കാക്റ്റസ് ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ഒരു വീറുറ്റ അധ്യായമാണ്. ആകാശവും കരയും ജലവും ഒരു പോലെ വഴങ്ങുന്നവര്‍ ആണ് ഇന്ത്യന്‍ സൈനികര്‍ എന്നത് ലോകത്തിന് മുന്നില്‍ തെളിയിച്ച ഇന്ത്യന്‍ ജവാന്മാരുടെ വീരഗാഥയായിരുന്നു അത്.

മാലദ്വീപിലെ വ്യാപാരിയായ അബ്ദുള്ള ലുത്തുഫി ശ്രീലങ്കന്‍ തീവ്രവാദ സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈല (വേലുപ്പിള്ള പ്രഭാരകനില്‍ തെറ്റിപ്പിരിഞ്ഞ് ഉമാ മഹേശ്വരന്‍ രൂപീകരിച്ച സംഘടനയാണിത്) ത്തിന്റെ സഹായത്തോടെ ഭരണ അട്ടിമറിക്ക് ശ്രമിച്ചതാണ് 1988ലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് മാലദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂം സഹായം തേടുകയായിരുന്നു. തുടര്‍ന്ന് 1600 പേരുള്ള സൈനിക ട്രൂപ്പിനെ അദ്ദേഹം അടിയന്തരമായി മാലദ്വീപിലേക്ക് അയച്ചു. 1988 നവംബര്‍ മൂന്നിനാണ് ഇന്ത്യന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്.

ഇന്ത്യന്‍ വ്യോമസേനയാണ് ആദ്യം മാലദ്വീപില്‍ എത്തിയത്. പിന്നാലെ കരസേനയും എത്തി. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനര്‍ജിയുടെ നിര്‍ദേശത്തിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റം. മാലദ്വീപിലെ ഭൂമിശാസ്ത്രം അറിയാവുന്ന ഏക വ്യക്തിയായിരുന്നു ബാനര്‍ജി. തീവ്രവാദികളുമായി കടുത്ത പോരാട്ടമാണ് സൈന്യം നടത്തിയത്. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ തടങ്കലിലാക്കിയ രണ്ടുപേരും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ നേവിയും ആര്‍മിയും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് പല തീവ്രവാദികളെയും പിടിക്കാന്‍ സാധിച്ചത്. ഇവരെ പിന്നീട് മാലദ്വീപ് സര്‍ക്കാരിന് കൈമാറുകയായിരുന്നു. അതോടെ ഇന്ത്യയും രാജീവ് ഗാന്ധിയും ഗാന്ധികുടുംബവും മാലദ്വീപ്‌ ജനതയുടെ ആരാധനാപാത്രമായി മാറി.

ബി.ജെ.പിയെന്ന പാർട്ടിയെയും നരേന്ദ്രമോദിയെയും വർഗ്ഗീയവാദത്തിന്റെ സംജ്ഞകളായി മാലദ്വീപുകാർ കരുതാൻ കാരണങ്ങളിലൊന്ന് ബാബറി മസ്ജിദ് വിവാദവും ഗുജറാത്ത് കലാപവുമാണ്. മറ്റൊന്ന് ആ രാജ്യത്തെ പത്രമാധ്യമങ്ങളാണ്. മൂന്നാമത്തെ കാരണം അവിടെ ജോലി ചെയ്യുന്ന ഇതര രാഷ്ട്രീയക്കാരായ ഇന്ത്യക്കാരാണ്. അതേ,പലപ്പോഴും നമ്മിലുള്ള അന്ധമായ രാഷ്ട്രീയവിരോധം സ്വന്തം രാജ്യത്തിന്റെ ഭരണാധികാരിയെ ഏറ്റവും മോശം രീതിയിൽ തരംതാഴ്ത്തി മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്ന രീതിയിലായിട്ടുണ്ട്. ഇതിനു ഞാനും എത്രയോ വട്ടം സാക്ഷിയായിട്ടുണ്ട്.

മോദി ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോൾ സ്റ്റാഫ്റൂമിൽ തദ്ദേശീയരായ അദ്ധ്യാപകർക്ക് മുന്നിൽ നടന്ന ചർച്ചയിൽ അദ്ദേഹത്തെ വർഗ്ഗീയവാദിയാക്കി ചായക്കടക്കാരനാക്കി അപമാനിച്ചത് മലയാളിയായ പ്രിൻസിപ്പൽ. കൂടെ ഏറാൻ മൂളികളായ കുറച്ച് മലയാളി -തമിഴ് അധ്യാപകരും. പല ദ്വീപുകളിലും ഇതായിരുന്നു രീതി. ബീഫുമായി ബന്ധപ്പെട്ട കൊലപാതകത്തെയും ഗോവധ നിരോധനത്തെയും അവിടെ ഉയർത്തിക്കാട്ടിയത് ഇന്ത്യയിലാകമാനം ബീഫ് നിരോധിക്കുന്നുവെന്ന വാർത്ത പടച്ചുക്കൊണ്ടായിരുന്നു.ആ ജൂണിലെ ചെറിയ ഇടവേളയിൽ എനിക്കൊപ്പം തിരുവനന്തപുരത്തെത്തിയ മാലദ്വീപുകാരായ അദ്ധ്യാപകർക്ക് തിരുവനന്തപുരത്തെ താമരശ്ശേരി ചുരമെന്ന ഭക്ഷണശാലയിൽ കൊണ്ടുപോയി ആവോളം ബീഫ് വിഭവങ്ങൾ നല്കി ആ ആരോപണത്തെ തെറ്റാണെന്നു തെളിയിച്ചത് എന്നിലെ ദേശീയത. അങ്ങനെയെത്ര ഉദാഹരണങ്ങൾ!!

ആത്മാർത്ഥത കൈമുതലായിട്ടുള്ള സഹപ്രവർത്തർക്കൊപ്പം കുത്തിതിരുപ്പും പരദൂഷണവും അലങ്കാരമാക്കിയ ചെറിയൊരു ശതമാനം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികൾ എല്ലാ ദ്വീപുകളിലും ഉണ്ട്. പലപ്പോഴും അത്തരക്കാർ ആയുധമാക്കാറുണ്ട് മതമെന്ന ഏറ്റവും സെൻസിറ്റീവായ വിഷയം .

അവിടുത്തുകാരുടെ മുന്നിൽ എന്റെ മതം ഫോക്കസ് ചെയ്തുകൊണ്ട് ഇസ്ലാം വിരുദ്ധത എന്നിലുണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിച്ച “നല്ലവരായ ” സഹപ്രവർത്തകരെ എങ്ങനെ മറക്കാനാണ്?ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും യഥാർത്ഥ ശത്രുക്കൾ ചൈനയോ പാക്കിസ്ഥാനോ അല്ലെന്നും സ്വന്തം നാട്ടുകാർ തന്നെയെന്നും അടിവരയിട്ടു തെളിയിച്ച എത്രയോ സംഭവങ്ങൾ എനിക്ക് നേരിട്ടനുഭവപ്പെട്ടതാണ്. എഴുത്തുകാരനായ ശ്രീ.ജയചന്ദ്രൻ മൊകേരിയൊക്കെ അതിന്റെ ഇരയുമാണ്.

ചെയ്യാത്ത കുറ്റത്തിന് ഒന്‍പതു മാസത്തോളം മാലദ്വീപില്‍ തടവില്‍ കഴിയേണ്ടി വന്ന ജയചന്ദ്രൻ മൊകേരിയെന്ന കോഴിക്കോട്ടുകാരനായ അധ്യാപകനെ ഇന്ന് നമ്മള്‍ അറിയുന്നത് എഴുത്തിന്‍റെ വഴികളിലൂടെയാണ്‌. അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നും സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങള്‍ കൊണ്ട് അദ്ദേഹം ഇന്ന് മലയാളികളെ വിസ്മയിപ്പിക്കുന്നത് തക്കിജ്ജയെന്ന പുസ്തകത്തിലൂടെയാണ്. തക്കിജ്ജയിലൂടെ അദ്ദേഹം കോറിയിടുന്നത് ഓരോ പ്രവാസിയും കടന്നു പോകേണ്ടി വരുന്ന അഗ്നിപരീക്ഷകളാണ്. അദ്ദേഹം ഞാൻ ജോലി ചെയ്ത ദ്വീപിനടുത്തുള്ള ദ്വീപിലെ അദ്ധ്യാപകനായിരുന്നു.ഒരു വിദ്യാർത്ഥിയെ ശകാരിച്ച കുറ്റത്തിനു ജയിലിൽ കഴിയേണ്ടി വന്ന ആ അദ്ധ്യാപകൻ ഇന്ന് അദ്ദേഹം ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നത് ദൈവത്തിനു മാത്രമല്ല. കൂടെ സുഷമാ സ്വരാജ് എന്ന നമ്മുടെ മുൻ വിദേശകാര്യമന്ത്രിയോടാണ്. മിക്ക വിദേശരാജ്യങ്ങളിലുമെന്നതു പോലെ മാലദ്വീപിലെയും ഇന്ത്യന്‍ എംബസ്സി കെടുകാര്യസ്ഥതയുടെ പര്യായമാണ്.

ഏകദേശം എട്ടു മാസത്തോളം ചെയ്യാത്ത കുറ്റത്തിന് ഒരിന്ത്യന്‍ അദ്ധ്യാപകന്‍ മാലദ്വീപിലെ തടവില്‍ കിടന്നപ്പോള്‍ അയാളുടെ മോചനത്തിനായി മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ലയെന്നതു ലജ്ജാവഹം തന്നെയാണ്.കേരളത്തിലെ മിക്ക രാഷ്ട്രീയനേതാക്കളും പക്ഷേ രാഷ്ട്രീയഭേദമെന്യേ മോകേരിയുടെ മോചനത്തിനായി രംഗത്തിറങ്ങിയെന്നതു ശ്രദ്ധേയമായ വസ്തുതയാണ്. സുഷമാസ്വരാജ് നേരിട്ട് ഹൈക്കമ്മിഷന്‍ ഓഫിസില്‍ ബന്ധപ്പെട്ടപ്പോഴാണ് മൊകേരിയുടെ മോചനം സാധ്യമായത്. ഇടനിലക്കാരിലൂടെ മാത്രം പലപ്പോഴും പല കാര്യങ്ങളിലും ഇടപ്പെടുന്ന മന്ത്രിമാര്‍ക്ക് ഒരപദാനമാണ് സുഷമാ സ്വരാജിന്‍റെ ഈ പ്രവര്‍ത്തി. അവരുടെ ശക്തമായ താക്കീതില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പിന്നീടു അസാധ്യമെന്നു കരുതിയ മോചനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ നടന്നുവെന്നത് ചരിത്രം. അതുമാത്രമല്ല മൊകേരിയുടെ മോചനത്തിലൂടെ മറ്റു രണ്ടു പേര്‍ക്ക് കൂടി ഇരുട്ടറയില്‍ നിന്നും ജീവിതത്തിന്‍റെ താക്കോല്‍ തിരികെ കിട്ടി. അതിലൊന്ന് കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു വര്‍ഷങ്ങളായി മാലിജയിലില്‍ കിടന്നിരുന്ന വര്‍ക്കല സ്വദേശിനി റുബീനയും ചെയ്യാത്ത കുറ്റത്തിന് വെറുതെ ശിക്ഷിക്കപ്പെട്ട കോട്ടയം അരീക്കര സ്വദേശി രാജേഷുമായിരുന്നു ആ രണ്ടു പേര്‍.

പിന്നീട് എന്റെ ദ്വീപിൽ എനിക്കൊപ്പം ജോലിചെയ്തിരുന്ന അദ്ധ്യാപകനായ ജവാദ്ഹാജയെന്ന തമിഴ്നാടുകാരനും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു. പിന്നീട് സുഷമാ സ്വരാജിന്റെ ഇടപെടൽ മൂലം അദ്ദേഹവും ജയിൽമോചിതനായി. ഈ ജവാദ് ഹുസൈൻ മതം കൊണ്ട് കളിച്ച കളികൾ ഒടുവിൽ അയാൾക്ക് തന്നെ വിനയായി. ഒടുവിൽ രക്ഷിക്കാൻ ഉണ്ടായിരുന്നത് അയാൾ ഏറ്റവും വെറുത്ത രാഷ്ട്രീയ നേതൃത്വവും.
മാലദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാരിൽ മോദിയെയും മോദി സർക്കാരിനെയും തള്ളിപ്പറയുന്നവർക്ക് ഇക്കാര്യങ്ങളൊന്നും നിഷേധിക്കാൻ കഴിയില്ല. ജവാദ് ഹാജയെന്ന അദ്ധ്യാപകന്റെ മോചനവുമായി ബന്ധപ്പെട്ട് എന്റെ സ്കൂളിലെ ലീഡിങ് ടീച്ചറായ മാലദ്വീപുകാരിയെ വിളിച്ചപ്പോൾ അവർ ചോദിച്ചത് മോദിയുടെ വിദേശകാര്യവകുപ്പ് ഒരു മുസ്ലീം അദ്ധ്യാപകനെ മോചിപ്പിക്കാൻ സഹായിക്കുമോ എന്നായിരുന്നു.ആ രീതിയിലാണത്രേ അവിടുത്തെ തമിഴനായ മറ്റൊരദ്ധ്യാപകൻ അവരെ ധരിപ്പിച്ചിരുന്നത്.

അധികാരം നിലനിർത്താനായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത ഒരു ഏകാധിപതിയുടെ ചിത്രം അബ്ദുള്ള യാമിന്റെ
ഭരണത്തിന്റെ പകുതി മുതൽ മാലദ്വീപുകാർക്ക് ലഭിച്ചുതുടങ്ങിയപ്പോൾ മുതൽ ഇന്ത്യയുമായി പഴയതുപോലെ കൂടുതലടുക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിച്ചുതുടങ്ങി. ഒപ്പം ലോകരാജ്യങ്ങളിൽ മോദിയെന്ന ഭരണാധികാരി നടത്തുന്ന യാത്രകളും ഇടപെടലുകളും ശ്രദ്ധിച്ചും തുടങ്ങി. യമീന്റെ ഭരണകാലത്ത് ഒട്ടേറെ വൻ നിർമാണ പദ്ധതികൾ ഏറ്റെടുത്തുകൊണ്ട് മാലദ്വീപിൽ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കാൻ ചൈന തീവ്രശ്രമം നടത്തിവരികയായിരുന്നു. ഹുലൂലെ ദ്വീപിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം, തലസ്ഥാന ദ്വീപായ മാലെയുമായി ഹുലുലെയെ കൂട്ടിയിണക്കുന്ന രണ്ടു കിലോമീറ്റർ നീളമുള്ള പാലം എന്നിവയൊക്കെ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.

വിമാനത്താവള വികസനത്തിനു നേരത്തെ ഒരു ഇന്ത്യൻ കമ്പനിയുമായാണ് കരാറുണ്ടാക്കിയിരുന്നത്. പിന്നീടതു റദ്ദാക്കി. ലോകത്തിന്റെ പലഭാഗങ്ങളുമായി ചൈനയെ കൂട്ടിയിണക്കുന്ന ഒരു മേഖല, ഒരു റോഡ് എന്ന സ്വപ്നപദ്ധതിയിൽ പങ്കാളിയാകാൻ തയാറായ ആദ്യരാജ്യങ്ങളിൽ ഒന്നായി മാറി മാലദ്വീപ് എന്നത് ശ്രദ്ധേയം. എല്ലാ പദ്ധതികളിലുമായി മൊത്തം നൂറു കോടി ഡോളറിനു ചൈനയ്ക്കു മാലദ്വീപ് കടപ്പെട്ടപ്പോൾ മാലദ്വീപുകാർ അപകടം മണത്തുതുടങ്ങി. മാലദ്വീപില്‍ മത യാഥാസ്ഥിതികത്വം, തീവ്രവാദം, കടല്‍ക്കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തഴച്ചുവളർന്നതും ഗയൂമിന്റെ ഭരണത്തിൻ കീഴിലായിരുന്നു.

2018ലെ തെരഞ്ഞെടുപ്പ് യാമിന്റെ ദുർ ഭരണത്തിനു നല്കിയ മറുപടി കനത്തതായിരുന്നു. അബ്ദുള്ള യമീനെ അധികാരത്തിൽ നിന്ന് പുറത്തെറിഞ്ഞ് ജനം വിധിയെഴുതി.പ്രതിപക്ഷ സഖ്യത്തിന്റെ ഇബ്രാഹിം സോലിയെ ജനം പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇബ്രാഹിം സോലിയെ അഭിനന്ദിച്ച് പ്രസ്താവനയിറക്കിയപ്പോൾ അത് ഇരു രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന അകൽച്ചയുടെ മഞ്ഞുരുക്കി. പിന്നീട് മോദിയുടെ സന്ദർശനം ഒരു ജനതയുടെ മനസ്സിലുണ്ടായിരുന്ന അകൽച്ചയെയും അകറ്റി.

മാലദ്വീപിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി കൊണ്ടു പോയത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് .കടുത്ത ക്രിക്കറ്റ് ആരാധകൻകൂടിയായ മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിനെ കാണാൻ പോയപ്പോൾ സമ്മാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംശയമുണ്ടായില്ല.’

2018 നവംബറിൽ സോലിഹിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി എത്തിയിരുന്നു. മുൻ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീൻ 2018 ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. ചൈനയുമായുള്ള മാലദ്വീപിന്റെ പുതിയ വ്യാപാര കരാറും ഇന്ത്യക്കാർക്കുള്ള വർക്ക് വീസയിൽ യമീൻ ഭരണകൂടം നിയന്ത്രണങ്ങൾ എർപ്പെടുത്തിയതുമെല്ലാം ഇതിനു കാരണമായി. എന്നാൽ സോലിഹ് അധികാരത്തിലെത്തിയതോടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.അത് 2023 വരെ ഭംഗിയായി തുടരുകയും ചെയ്തു.
ഇനി പൊതുവായ മാലദ്വീപ് വാസികളുടെ മത ബോധം കൂടി ഇവിടെ പറയേണ്ടതുണ്ട്.

ഇസ്ലാം എന്ന യൂണിവേഴ്സൽ ബ്രദർഹുഡിനെതിരെ സംസാരിക്കുന്ന മറ്റേതൊരു മതരാഷ്ട്രവും അവരുടെ ശത്രുവാണ്. എന്നാൽ ഇസ്ലാം രാജ്യത്തിനുള്ളിൽ സുന്നി -ഷിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിലുമുള്ളവർ കൊല്ലപ്പെടുമ്പോൾ ഈ മതപരമായ നോവ് അവർക്കുണ്ടാവുന്നില്ല. സഞ്ചാരികളുടെ മിനി പാരഡൈസ് ആയ അവിടുത്തെ ഇടുങ്ങിയ മതചിന്തകൾ ഏഴെട്ടു വർഷം അദ്ധ്യാപികയായി ജോലി ചെയ്ത എനിക്ക് മനപാഠമാണ്. തീർത്തും നല്ലവരും സമാധാന പ്രിയരുമായ മാലദ്വീപുകാർക്ക് മതത്തിനപ്പുറം ഒരു ചരിത്രവുമില്ല; ശാസ്ത്രബോധവുമില്ല.

നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിലിറങ്ങിയെന്നത് വെറും അമേരിക്കയുടെ വാദം മാത്രമാണെന്നു വാദിക്കുന്ന ശാസ്ത്ര വിദ്യാർത്ഥികളുടെ നാടാണത്. അങ്ങനെയുള്ള മനുഷ്യരുടെ മനസ്സിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കി നിലവിൽ ഇന്ത്യ എന്നത് ഒരു മത രാഷ്ട്രം ആണെന്നും അതിന് കാരണക്കാരൻ നരേന്ദ്ര മോദി ആണെന്നും ഒക്കെ പറഞ്ഞുകൊടുക്കുന്ന നല്ലവരായ ഇന്ത്യൻ ഉണ്ണികൾക്ക് പഞ്ഞമില്ല.

2023 ലെ തെരഞ്ഞെടുപ്പിൽ സോലിഹ്‌ പരാജയപ്പെടുവാൻ ഉള്ള പ്രധാന കാരണവും അദ്ദേഹം മോദിയുമായി സ്ഥാപിച്ച നല്ല അയൽ -സൗഹൃദ ബന്ധം തന്നെയാണ്. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ മൂന്ന് മന്ത്രിമാർ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ചപ്പോൾ അതിനെതിരെ പാർലമെന്റിൽ ശബ്ദം ഉയർത്തിയതും ഈ നല്ല സുഹൃത്ത് തന്നെയാണ്. നഷീദും സോലിഹും ശക്തമായി ഇതിനെതിരെ പ്രതികരിച്ചപ്പോൾ മൂന്ന് മന്ത്രിമാർക്ക് നഷ്ടമായത് അവരുടെ മന്ത്രി സ്ഥാനം.

ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ഇപ്പോൾ അവർക്ക് പാഠമായി കാണും. ഇന്ത്യ എന്ന വലിയ വടവൃക്ഷത്തിന്റെ തണലിൽ വളർന്നു നില്ക്കുന്ന ഒരു ചെറു മരം മാത്രമാണ് എന്നും എന്നും ഈ കൊച്ച് ദ്വീപ് രാജ്യം ❤️
മേരാ ഭാരത് മഹാൻ ❤️❤️East or West India is the best ❤️❤️
NB : നീണ്ട പോസ്റ്റാണ്, പക്ഷേ വായിക്കാതെ പോകരുത് 🙏🙏