പ്രസാദത്തിലും നിവേദ്യത്തിലും വേണ്ട, അരളിപ്പൂ പൂജയ്‌ക്കെടുക്കാം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

അരളിപ്പൂവിന്റെ ഉപയോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരി​ഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

നിവേദ്യ സമർപ്പണത്തിലും ഭക്തർക്ക് നൽകുന്ന അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോ​ഗിക്കുന്നതാണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര നിവേദ്യ സമർപ്പണത്തിന് തുളസി, പിച്ചി, മുല്ല, റോസ, ജമന്തി, തെച്ചി എന്നീ പുഷ്പങ്ങൾ ഉപയോ​ഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

പൂജയ്‌ക്ക് ഉപയോ​ഗിക്കുന്നതിൽ നിന്നും അരളിപ്പൂ വിലക്കിയിട്ടില്ല. നിവേദ്യ സമർപ്പണത്തിലും ഭക്തരിലേക്ക് എത്തുന്ന പ്രസാദത്തിലും അരളിപ്പൂ ഒഴിവാക്കാനാണ് തീരുമാനമെന്ന് പി.എസ് പ്രശാന്ത് വ്യക്തമാക്കി. പുഷ്പാഭിഷേകം, നിറമാല എന്നിവയ്‌ക്കായി അരളിപ്പൂ ഉപയോ​ഗിക്കുന്നത് തത്കാലം വിലക്കിയിട്ടില്ല. അരളിപ്പൂവ് സംബന്ധിച്ച് ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയാൽ നടപ്പിലാക്കും. ശാസ്ത്രീയമായ പരിശോധനാഫലത്തിൽ അരളിപ്പൂ വിഷമാണെന്ന് കണ്ടെത്തിയാൽ ക്ഷേത്രത്തിലെ ഒരു കാര്യങ്ങൾക്കും അരളിപ്പൂ ഉപയോ​ഗിക്കില്ലെന്നും അദ്ദേഹം അറിയിച്ചു