സര്‍ ഓക്‌സിജനായി ഞാന്‍ ആരോടാണ് സംസാരിക്കേണ്ടത്, പ്രധാനമന്ത്രിയോട് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് കെജ്‌രിവാള്‍ മോദിയോട് പൊട്ടിത്തെറിച്ചത്. ഡല്‍ഹിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്രിവാള്‍ ചോദിച്ചു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

അതേസമയം യോഗം പരസ്യമാക്കിയതില്‍ കെജ്‌രിവാളിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊവിഡ് യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാദക്കേടാണെന്നും ഔദ്യേഗിക യോഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും യോഗങ്ങളില്‍ പാലിക്കേണ്ട മര്യാദ പാലിക്കണമെന്നും മോദി പറഞ്ഞു. ഡല്‍ഹി കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ആശുപത്രികളില്‍ വലിയ ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നതെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ഡല്‍ഹിലേക്ക് പുറപ്പെട്ട ഓക്‌സിജന്‍ ടാങ്കര്‍ മറ്റൊരു സംസ്ഥാനത്തേക്ക് വഴി തിരിച്ചു വിടുമ്ബോള്‍ കേന്ദ്രസര്‍ക്കാരിലെ ആരെ വിളിച്ചാണ് താന്‍ സംസാരിക്കേണ്ടതെന്നാണ് പ്രധാനമന്ത്രിയോട് കെജ്‌രിവാള്‍ ചോദിച്ചത്. ഓക്‌സിജനുമായി വരുന്ന ലോറികള്‍ തടയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണ് അല്ലെങ്കില്‍ വലിയ ദുരന്തമാണ് ഉണ്ടാവുക. ഓക്‌സിജന്‍ പ്ലാന്റുകളുടെ നടത്തിപ്പ് ഈ ഘട്ടത്തില്‍ സൈന്യത്തെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. ഒരു മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് താന്‍. രാത്രിയൊന്നും ഉറങ്ങാന്‍ പോലും പറ്റുന്നില്ല. ദയവായി ഡല്‍ഹിയെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നത്തെ ഉന്നതതലയോഗം രാഷ്ട്രീയം കളിക്കാനുള്ള അവസരമാക്കി കെജരിവാള്‍ മറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. വാക്‌സിന്‍ വില സംബന്ധിച്ച്‌ തെറ്റായ ആരോപണമാണ് കെജരിവാള്‍ ഉന്നയിച്ചത്. ഒരു ഡോസ് വാക്‌സിന്‍ പോലും കേന്ദ്രസര്‍ക്കാര്‍ കൈവശം വയ്ക്കുന്നില്ല. എല്ലാ പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തത്. ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള സ്വകാര്യസംഭാഷണം ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.