താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു.

താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വി​ഗ്രഹങ്ങളൊന്നുമില്ല. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്ഐ വ്യക്തമാക്കി.

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്തെത്തിയിരുന്നു.  ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹല്‍ നിൽക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

താജ് മഹലിനുള്ളിലെ  മുറികൾ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.