അരിക്കൊമ്പൻ ജനവാസ മേഖലയിൽ , ദൃശ്യങ്ങൾ പുറത്ത്, തോട്ടം തൊഴിലാളിയുടെ വീട് തകർത്തു

ഇടുക്കി : ഒടുവിൽ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ ഇറങ്ങി. മേഘമലയ്ക്ക് സമീപം ശ്രീവില്ലിപുത്തൂരിലെ ജലായശത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അരിക്കൊമ്പൻ തമിഴ്നാട്ടിൽ ഒരു താേട്ടം തൊഴിലാളിയുടെ വീട് തകർത്തെന്ന റിപ്പോർട്ടും പുറത്തുവന്നു. ചില തമിഴ്‌പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഘമലയ്ക്ക് താഴ്വാരത്ത് തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ താമസിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. മംഗളദേവി വനമേഖലയിൽ നിന്നാണ് ആന മേഘമലയിലേക്ക് പോയത്. ഇന്ന് മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധിപേരെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് തിരികെ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് തുരത്താനും നിർദ്ദേശം നൽകി. പൂർണ ആരോഗ്യവാനായ അരിക്കൊമ്പൻ
നാൽപ്പതിലധികം കിലോമീറ്ററാണ് ഇതുവരെ സഞ്ചരിച്ചത്. ബുധനാഴ്ച വൈകിട്ട് പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു. ഇവിടെ വാച്ചർമാർ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ സ്ഥലങ്ങൾക്ക് സമീപത്തെ അതിർത്തി വനമേഖലയിലൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടെ നിന്നാണ് ചുരുളിയാറിൽ എത്തിയത്.