‘അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്,സുപ്രീം കോടതിയില്‍ ആരാധകരുടെ ഹര്‍ജി

ന്യൂഡല്‍ഹി . തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വച്ച് ഉൾക്കാട്ടിലേക്ക് കടത്തിയ കാട്ടാന അരിക്കൊമ്പനു വേണ്ടി ആരാധകർ സുപ്രീം കോടതിയിൽ. അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്നും, ചികിത്സ ഉറപ്പാണമെന്ന ആവശ്യപെട്ടാണ് ആരാധകരുടെ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി നൽകിയിട്ടുള്ളത്.

അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടാന്‍ തമിഴ്‌നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രങ്ങള്‍ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുകയാണ്.

ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെ ന്നുമാണ് തമിഴ്‌നാട് വനം വകുപ്പ് അവകാശപ്പെടുന്നത്. പുതിയ വനമേഖലയുമായി അരിക്കൊമ്പന്‍ ഇണങ്ങിക്കഴിഞ്ഞുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വിശദീകരി ച്ചിരുന്നത്. ഇപ്പോഴുള്ള കാടിനു പുറത്തിറങ്ങാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അതിനായി അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തി വരുന്നു.