വന്ദേഭാരതിന്റെ വരവ് കെ റെയിലിനെ തടയും, കെ റെയിൽ വിരുദ്ധ സമര സമിതിക്കാർ വന്ദേഭാരതിൽ യാത്ര നടത്തി

കോട്ടയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത് മാടപ്പള്ളിയിലെ കെ റെയില്‍ വിരുദ്ധ സമരസമിതിക്കാര്‍. കേരളത്തില്‍ വന്ദേഭാരത് എത്തിയതോടെ കെ റിയിലിനെ തടയിടുമെന്ന് സമരസമിതി പ്രതികരിച്ചു. കെ റെയില്‍ ഇവിടെ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. കേരളത്തിലെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ പൂര്‍ണമായും നശിപ്പിക്കുന്ന പദ്ധതിയാണ് കെ റെയില്‍. കെറെയില്‍ ഒരു മനുഷ്യര്‍ക്കും ഉപകാരമില്ലാത്ത പദ്ധതിയാണെന്നും സമരസമിതിക്കാര്‍ പറഞ്ഞു.

അതേസമയം വന്ദേഭാരതിന്റെ ആദ്യ സര്‍വീസില്‍ നിരവധി പ്രമുഖരാണ് യാത്ര ചെയ്യുന്നത്. വന്ദേഭാരത് എക്സ്പ്രസിലെ യാത്ര ബിസിനസ് ക്ലാസ് ഫീല്‍ എന്നും, പ്രധാനമന്ത്രിക്ക് നന്ദിയെന്നും സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍. വിമാനത്തിലെ ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഫീലാണ് തനിക്ക് ലഭിക്കുന്നത്. തനിക്ക് ഇത് വ്യത്യസ്തമായ അനുഭവമാണെന്ന് കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിലെ യാത്ര അനുഭവം പങ്കുവച്ച് വിവേക് ഗോപന്‍ പറഞ്ഞു.

കേരളത്തിനുള്ളില്‍ കൂടുതലും കാറിലാണ് യാത്ര ചെയ്യാറുള്ളത്. ഇന്നത്തെ കാലത്തെ ട്രാഫിക്കും റോഡുകളുടെ സ്ഥിതിയും വളരെ കഷ്ടമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് എത്തണമെങ്കില്‍ വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ട അവസ്ഥയാണുള്ളത്. ഇനി വിമാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ അയ്യായിരം രൂപയുടെ അടുത്താവും അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇത് ഭയങ്കര ഡിഫ്രണ്ട് ആണ്. കുറഞ്ഞ നിമിഷത്തില്‍ നമുക്ക് കേരളം മൊത്തം കവര്‍ ചെയ്യാന്‍ കഴിയുന്ന ട്രെയിന്‍ യാത്ര വിശ്വസിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ ഒരുപാട് സന്തോഷം ഉണ്ട് -വിവേക് ഗോപന്‍ പറഞ്ഞു.