ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ത്തു വിറ്റു, സ്ഥാപന ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

കോഴിക്കോട്. കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റ കേസില്‍ സ്ഥാപന ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടിലാണ് കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റത്. കേസില്‍ താമരശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അനുവദനീയമല്ലാത്ത ശരീരത്തിന് ഹാനികരമായ റോഡമിന്‍ ബി എന്ന ഡൈ ചേര്‍ത്ത ശര്‍ക്കരയാണ് സ്ഥാപനത്തില്‍ വിറ്റത്.

2020ലാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയിരുന്ന സനിന മജിദ് ശര്‍ക്കരയുടെ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി രേഷ്മ പരിശോധന ഫലം പുറത്ത് വന്നതിന് ശേഷം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതേസമയം രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനകള്‍ വര്‍ധിച്ചതോടെ ലാബ് റിസള്‍ട്ടുകള്‍ റോഡമിന്റെ സാന്നിധ്യം കുറഞ്ഞുവരുന്നുണ്ട്. ഇത്തരം വസ്തുക്കള്‍ വരുന്ന ചാക്കില്‍ ലേബല്‍ ഉണ്ടെന്ന് വ്യാപാരികള്‍ ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.