വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടനായ ജ്യോത്സ്യൻ പിടിയിൽ

കോട്ടയം 15 കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്തഭടനും ജോത്സ്യനുമായ വ്യക്തി പോലീസ് പിടിയില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശനാണ് പോലീസ് പിടിയിലായത്. 2022 നവംബര്‍ മുതല്‍ വൈക്കം ടിവി പുരം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായിട്ടാണ് പരാതി. പിഡനവിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭാഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ഫോട്ടോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. സംഭവത്തില്‍ മാനസികമായി തളര്‍ന്ന് പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോടും പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പട്ടികജാതി വകുപ്പിലും വൈക്കം പോലീസ് സ്‌റ്റേഷനിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പെണ്‍കുട്ടി കേസില്‍ രഹസ്യ മൊഴി കോടതിയില്‍ നല്‍കി. തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. കേസ് രജിസ്ട്രര്‍ ചെയ്തതിന് ശേഷം പ്രതിയെ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പ്രതിക്ക് രക്ഷപ്പെടാന്‍ പോലീസ് സഹായം ചെയ്യുന്നുവെന്നായിരുന്നു ആരോപണം.