ജയിലിൽ തന്നെ തുടരണം, ആര്യന്‍ ഖാന്‍റെ ജാമ്യാ​പേക്ഷ തള്ളി

ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍സിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അറസ്റ്റിലായ ആര്യന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഷാരൂഖിന്‍റെ മകന്‍ ആര്യനും ആ കപ്പലിലുണ്ടായിരുന്നു. അടുത്ത ദിവസം ചോദ്യംചെയ്യലിന് ശേഷമാണ് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യന്‍റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്.

നേരത്തെ ജാമ്യാപേക്ഷയ്യില്‍ വാദം കേട്ട കോടതി വിധി പറയുന്നത്​ ദസറ അവധി കഴിഞ്ഞുള്ള ഒക്​ടോബര്‍ 20 ലേക്ക്​ മാറ്റിയതായിരുന്നു. 14 ന്​ വിധി പറയാതിരുന്ന ജഡ്​ജ്​ വി.വി. പാട്ടീല്‍ 20 ന്​ വിധി പറയാമെന്നറിയിച്ചതായിരുന്നു. വിധി പറയുന്നത്​ നീട്ടിവെച്ച കോടതി നടപടിക്കെതിരെ ബോളിവുഡ്​ താരങ്ങളടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു.ഇന്ന്​ രാവിലെ മുതല്‍ ആര്യന്‍റെ ജാമ്യാപേക്ഷയിലെ തീര്‍പ്പറിയാന്‍ ബോളിവുഡ്​ താരങ്ങളടക്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക്​ 2.45 ന്​ വിധി പറയാമെന്ന്​ രാവിലെ ​കോടതി അറിയിച്ചതായിരുന്നു. നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാന്‍ തയാറായില്ല.

മുംബൈ തീരത്ത് എംപ്രസ് ക്രൂസ് കപ്പലിലെ ഒരു റേവ് പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍,ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ലെന്‍സ് ബോക്‌സില്‍ നിന്ന് മയക്കു മരുന്നു കണ്ടെത്തിയതായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറിയിച്ചു. മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകള്‍ക്കും മെഡിസിന്‍ ബോക്‌സുകള്‍ക്കുമിടയില്‍ ഒളിപ്പിച്ച നിലയിരും മയക്കു മരുന്നുകള്‍ ഏജന്‍സി കണ്ടെത്തി.
എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്, ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലെന്‍സ് ബോക്‌സുകളില്‍ മയക്കുമരുന്ന് കൊണ്ടുപോയിരുന്നു എന്നാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിന്റെ (എന്‍ഡിപിഎസ്) നാല് വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.