ജയിലിലെ സഹതടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക-നിയമ സഹായം ഉറപ്പുനൽകി ആര്യൻ ഖാൻ

വ്യാഴാഴ്ച ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി ഉത്തരവായതിനു പിന്നാലെ സഹതടവുകാർക്ക് സാമ്പത്തിക-നിയമ സഹായം ഉറപ്പു നൽകി സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യ നടപടികൾ പൂർത്തിയായാൽ ഇന്നോ നാളെയോ പുറത്തിറങ്ങിയേക്കും.

ആർതർ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് ബോളിവുഡ് താരരാജാവിന്റെ മകൻ ആര്യൻ ഖാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ജയിൽ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബാന്തരീക്ഷവും അവസ്ഥയും അറിഞ്ഞ ആര്യൻ അവർക്ക് തന്നാലാകുന്ന സാമ്പത്തിക-നിയമ സഹായങ്ങൾ ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജാമ്യം ലഭിച്ചതോടെ അതീവ സന്തോഷത്തിലാണ് ആര്യനെന്നും സഹതടവുകാർക്ക് നന്ദിയറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. 23കാരനായ ആര്യൻ മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഒക്ടോബർ എട്ട് മുതൽ റിമാൻഡിൽ കഴിയുകയാണ്.