എകെജി സെന്ററിലെ പല രഹസ്യങ്ങളും അറിയാം; സിപിഎമ്മില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല – ചെറിയാന്‍

രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് വിരാമമിട്ട് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് തട്ടകത്തിലേക്ക് തിരികെയെത്തി. അദ്ദേഹത്തിന്‍റെ വരവ് അണികള്‍ക്ക് ആവേശമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ. ആന്‍റണിയുമായി ഇന്നു രാവിലെ ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ചെറിയാന്‍ ഫിലിപ്പിന് നിരവധി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. എ.കെ.ജി സെന്‍ററിന്‍റെ അകത്തളങ്ങളില്‍ പ്രവേശനമുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും അദ്ദേഹം സി.പി.എമ്മില്‍ അംഗത്വമെടുത്തില്ല. കഴിഞ്ഞ 20 വര്‍ഷമായി സി.പി.എമ്മില്‍ അംഗമാകാന്‍ അദ്ദേഹം ആലോചിട്ടുമില്ലെന്നും ആന്‍റണി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി.പി.എം സഹയാത്രികനായിരുന്നപ്പോള്‍ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ച്‌ വരവിന്റെ പാതയില്‍ ആണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

20 വര്‍ഷമായി ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. അധികാരക്കുത്തക അവസാനിപ്പിക്കണമെന്ന് ഞാന്‍ 20 വര്‍ഷം മുമ്ബ് പറഞ്ഞ സന്ദേശം ഇപ്പോള്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിരിക്കുന്നു. പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും സ്ഥിര മുഖങ്ങള്‍ മാറി പുതിയ നേതൃത്വം വന്നുകൊണ്ടിരിക്കുന്നു. ഞാനന്നു പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അത് ഉള്‍ക്കൊള്ളുന്നു. അത് എനിക്ക് തിരിച്ചുപോക്കിനുള്ള സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നു.

ഇടതുപക്ഷത്ത് പാര്‍ട്ടി വക്താവിനെ പോലെയാണ് പെരുമാറിയത്. പലപ്പോഴും മനസ്സാക്ഷിയെ വഞ്ചിച്ച്‌ ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ട്. അവര്‍ ഏല്‍പ്പിച്ച രാഷ്ട്രീയച്ചുമതലകള്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. എന്റെ നാക്കില്‍ നിന്ന് സിപിഎമ്മിനെതിരായി ഒരു വാക്കുപോലും വന്നിട്ടില്ല. എകെജി സെന്ററില്‍ നടക്കുന്ന രഹസ്യങ്ങളെ കുറിച്ച്‌ എനിക്കറിയാം. ഒന്നും പുറത്തുപറഞ്ഞിട്ടില്ല. പറയുകയുമില്ല.

കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ ഞാന്‍ രാഷ്ട്രീയജീവിയായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് ഞാന്‍ പോയി. അധികാരസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയല്ല ഞാന്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസിലേക്ക് തിരിച്ചവരണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിപുലമായ സൗഹൃദങ്ങളാണ് എന്റെ ശക്തി. എന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. വേറൊരിടത്ത് ഞാന്‍ വളരില്ല. എന്റെ വേരുകള്‍ തേടിയുള്ള മടക്കയാത്രയാണിത്. അഭയകേന്ദ്രത്തിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്നു മരിക്കുന്നതാണ് അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു.