കോവിഡിനെ തുരത്താന്‍ മുന്നില്‍ നിന്നു, ഒടുവില്‍ അശോകന് പിന്നാലെ മകളെയും കോവിഡ് കൊണ്ടുപോയി

തിരുവനന്തപുരം: കോവിഡ് പടര്‍ന്നപ്പോള്‍ മുന്നണി പോരാളിയെ പോലെ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചയാളായിരുന്നു വലിയവിള പണയില്‍ ടി അശോകന്‍. ഒട്ടേറെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിച്ച അശോകനും കോവിഡിന് കീഴടങ്ങുകയായിരുന്നു. ഇപ്പോള്‍ അശോകന്റെ മകള്‍ വിജിയുടെ ജീവനും കോവിഡ് കവര്‍ന്നിരിക്കുകയാണ്. 28 വയസായിരുന്നു. സംസ്‌കാരം നടത്തി, അഭിഷേക് ആണ് ഭര്‍ത്താവ്.

ആഴ്ചകളായി കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു വിജി. വിജിയുടെ അമ്മ ലില്ലിയും ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ബിജി കുഞ്ഞിന് ജന്മം നല്‍കിയത്. ജനിചച്ച് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെ കുഞ്ഞിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കോവിഡിന് പിന്നാലെ വിജിക്ക് ന്യുമോണിയയും പിടിപെട്ടിരുന്നു. ഒരു വര്‍ഷം മുന്‍പ് ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ഓട്ടോയുമായി റോഡില്‍ ഇറങ്ങിയ അശോകന്‍ അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ കോവിഡ് രോഗ ബാധിതരായ ഒട്ടേറെ പേരെ അശോകന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പ് സവാരിക്കാരില്ലാത്തതിന്റെ വേദനയായിരുന്നു അശോകന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. കോവിഡിനെ പ്രതിരോധിച്ച് രാവും പകലും ഓട്ടോ ഓടിച്ചാണ് അശോകന്‍ കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് 57കാരനായ അശോകന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ കുടുംബം മുഴുവന്‍ രോഗംബാധിതരായി. കോവിഡ് ഗുരുതരമായതോടെ മകള്‍ വിജിയെ പ്രസവാനന്തരം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.