അഷ്ടമി രോഹിണി, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണം, വിശേഷാൽ പ്രസാദ ഊട്ട്, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ. അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ,സ്‌പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശനങ്ങൾ രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരി സംവിധാനം മാത്രമാകും.

സാധാരണ ക്യൂ സംവിധാനത്തിലാകും നാളെ പ്രധാനമായും ദർശനം നടക്കുക. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം.

ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിയായി നിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്‌പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും.

ഭഗവാൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനു മാത്രമായി 22.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതി നൽകി.അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 32,32500 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്.