മഹാനായ രജനീകാന്തിന്റെ മുന്നിൽ നില്ക്കുന്ന വിനായകനെ നെഞ്ചുവിരിച്ച് വരേണ്യ വർഗത്തിനു മുന്നിൽ നില്ക്കുന്നതായി ജാതി പറഞ്ഞ് ഇടതിടങ്ങൾ

അഭിനയത്തിൽ മികവ് കാട്ടിയെന്ന് കരുതി വിനായകൻ എന്ന വ്യക്തിയുടെ പൊതുസമൂഹത്തിലെ ഇടപെടലുകൾ മികച്ചത് എന്ന് ഒരിക്കലും അഭിപ്രായമില്ലെന്ന് അഞ്ജു പാർവതി പ്രഭീഷ്. വിനായകൻ അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടൻ തന്നെയാണ്. ജയിലർ സിനിമയിൽ രജനികാന്തിന് ഒപ്പം അദ്ദേഹം അസാമാന്യ അഭിനയം കാഴ്ച്ച വച്ചിട്ടും ഉണ്ടാവാം. കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണെന്നും അഞ്ജു പാർവതി പ്രഭീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അഞ്ജു പാർവതി പ്രഭീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇടതിടങ്ങളിൽ എങ്ങും നടൻ വിനായകസ്തുതി ഗീതങ്ങൾ ആണ്. വിനായകൻ അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടൻ തന്നെയാണ്, സമ്മതിക്കുന്നു. ജയിലർ സിനിമയിൽ രജനികാന്തിന് ഒപ്പം അദ്ദേഹം അസാമാന്യ അഭിനയം കാഴ്ച്ച വച്ചിട്ടും ഉണ്ടാവാം സമ്മതിക്കുന്നു. ജയിലർ എന്ന സിനിമയിൽ ആരും മോശമായില്ല എന്ന അഭിപ്രായം തന്നെയാണ് എങ്ങും. എങ്കിലും അവിടെയും ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്.

അതുകൊണ്ടാണ് “വരേണ്യ സങ്കൽപ്പങ്ങളുടെ മുന്നിൽ ഇങ്ങനെ നെഞ്ച് വിരിച്ചു നിന്നതിനാണ് വിനായകൻ പലർക്കും അപ്രിയൻ ആയത്, അവരാരും ഈ നിൽപ്പ് കണ്ടു ഇന്ന് ഉറങ്ങില്ല. സവർണ ജാതിബോധത്തിന്റെ മുഖത്തേറ്റ അടിയാണ് വിനായകൻ്റെ ജയിലർ.”എന്ന നരേറ്റീവുകൾ ഇവിടെ ഹൗസ്ഫുള്ളായി ഓടുന്നത്. അഭിനയത്തിൽ മികവ് കാട്ടിയെന്ന് കരുതി വിനായകൻ എന്ന വ്യക്തിയുടെ പൊതുസമൂഹത്തിലെ ഇടപെടലുകൾ മികച്ചത് എന്ന് ഒരിക്കലും അഭിപ്രായമില്ല.

ഒരു കലാകാരനിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന തരം സംസാരമോ ഇടപെടലോ അല്ല അയാൾ നടത്തിയത്. എന്നിട്ടും ഒരു സിനിമയിലെ മികവ് എടുത്തു കാട്ടി അയാൾ എന്തെല്ലാമോ ആണെന്ന തരം വെറുപ്പിക്കൽ കം വെളുപ്പിക്കൽ പലയിടത്തും ബോധപൂർവം നടക്കുന്നുണ്ട്. വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സംസാരഭാഷയും ശരീരഭാഷയും പലപ്പോഴും ഉണ്ടാക്കിയിട്ടുള്ളത് മോശം ഇമ്പാക്ട് തന്നെയാണ്. വിനായകൻ എന്ന വ്യക്തിക്കെതിരെ ആദ്യമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് സ്വന്തം ചേരിയിൽ നിന്ന് തന്നെയായിരുന്നു. മീ ടു വിവാദങ്ങൾ കത്തിനിന്ന കാലഘട്ടത്തിൽ അയാൾക്കെതിരെ കടുത്ത ആരോപണവുമായി വരുന്നത് ദളിത്‌ ആക്റ്റിവിസ്റ്റ് ആയൊരു സ്ത്രീയാണ്. വിനായകൻ അവർക്കെതിരെ നടത്തിയ വെർബൽ അബ്യൂസ് ആയിരുന്നു വിവാദ വിഷയം.

പിന്നീട് ഇതേ മനുഷ്യൻ ആണധികാരവ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള ‘ഒരുത്തീ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ പങ്കെടുത്തുക്കൊണ്ട് ഏറ്റവും മോശമായ ഒരു പരാമർശം നടത്തി. രുചിയുള്ള ഭക്ഷണ വസ്തുക്കൾ കാണുമ്പോൾ അത് ആസ്വദിക്കാൻ കൊതിയൂറുന്നത് പോലെ പെൺശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാൾ മുന്നിലിരിക്കുന്ന ജേർണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതിൽ ആർക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവിൽ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമർശം ഒക്കെ എടുത്ത് കാണിക്കുന്നുണ്ട് ഒരു വ്യക്തിയെന്ന നിലയിൽ ഒരു ആദരവും അർഹിക്കാത്ത മനുഷ്യൻ ആണ് വിനായകൻ എന്ന്.

ഇവിടെ നടന്മാർ ജനഹൃദയങ്ങളിൽ ട്രൂ ഹീറോ ആയി മാറുന്നത് അഭിനയക്കലയിൽ കൊടുമുടി കയറിയത് കൊണ്ട് മാത്രമല്ല, മറിച്ച് പൊതു ഇടങ്ങളിൽ മാതൃകപരമായി പെരുമാറിയും റോൾ മോഡലുകൾ ആയിമാറിയും ഒക്കെ തന്നെയാണ്.സ്റ്റൈൽ മന്നൻ രജനികാന്ത് ഒക്കെ ജനഹൃദയങ്ങൾ കീഴടക്കിയത് വാ വിട്ട വാക്കുകളിലൂടെ ആയിരുന്നില്ല. വിനായകൻ തുറന്നു വിട്ട തൻ്റെ ലിബറൽ നീല മനസ്സ് കം നീല ചടയൻ ഗ്രാമഭാഷകൾ ഇവിടെ വിഷയം ആവാത്തത് അയാളൊരു ലെഫ്റ്റ് പുരോഗമനവാദിയായ സിനിമാനടൻ ആയതിനാൽ മാത്രമാണ്.

അപ്പോൾ പിന്നെ വെളുപ്പിക്കൽ കം വെറുപ്പിക്കൽ നടക്കട്ടെ! വിനായകൻ എന്ന നടൻ അഭിനയകലയിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ!! ഒപ്പം വ്യക്തിജീവിതത്തിൽ എന്നും പിഴവായി നില്ക്കുന്ന സംസാര ശൈലിയും ഭാഷയും കൂടി നന്നാക്കട്ടെ!!!അപ്പോൾ മാത്രമേ അയാൾ ഒരു മികച്ച കലാകാരൻ ആവുന്നുള്ളൂ! അതുവരേയ്ക്കും ഒരു കംപ്ലീറ്റ് ഹ്യൂമൻ എന്ന നിലയിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന രജനികാന്ത് എന്ന മനുഷ്യന്റെ, ഹീറോയുടെ നോട്ടത്തിന് മുന്നിൽ പതറി പോകുന്ന വെറും വില്ലൻ മാത്രമേ ആവുന്നുള്ളൂ വിനായകൻ!!