ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കാൻ മാഹി വഴി സ്പെഷ്യൽ ഓഫറുകളുമായി ട്രാവൽ കമ്പനികൾ

മലബാറില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദര്‍ശിക്കാന്‍ സ്പെഷ്യൽ ഓഫറുകളുമായി ട്രാവല്‍സ് കമ്പനികള്‍. മാഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്‌റ്റോപ്പുണ്ടെന്ന് അറിയിച്ചാണ് പലരും യാത്രക്കാരെ ആകര്‍ഷിക്കുന്നത്. അതേസമയം ചിലര്‍ മാഹിയുടെ ഭാഗമായ ചോക്ലിയില്‍ സ്‌റ്റോപ്പുണ്ടെന്നും പരസ്യങ്ങളില്‍ വ്യക്തമാക്കുന്നു. ട്രാവല്‍ കമ്പനികള്‍ രണ്ട് ദിവസത്തെ യാത്രയാണ് പുതുപ്പള്ളിയിലേക്ക് ഒരുക്കുന്നത്.

മദ്യത്തിന് വളരെ വിലക്കുറവുള്ള സ്ഥലമാണ് മാഹി. അതുകൊണ്ടുതന്നെ മദ്യപിക്കുന്നവര്‍ സാധാരണ മാഹിയില്‍ എത്തിയാല്‍ ഒരു കുപ്പി എങ്കിലും വാങ്ങിക്കുന്നത് പതിവാണ്. പുതുപ്പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുന്ന വഴി അതിരപ്പള്ളി, തൃശൂര്‍ വടക്കും നാഥാ ക്ഷേത്രം എന്നിവിടങ്ങളിലും കമ്പനികള്‍ സന്ദര്‍ശനത്തിന് അവസരം ഒരുക്കുന്നു.

100 കണക്കിന് പേരാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ ദിവസവും സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തിന് വിവിധ പ്രദേശങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ എത്തുന്നത്. ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന് സമാനമായ രീതിയിലാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ കബറിടം കാണുവാന്‍ ആളുകള്‍ എത്തുന്നത്.