ഞാൻ ഇനി ആശയാകില്ല, അശ്വതി മാത്രം; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി ചുവട് വച്ചതെങ്കിലും പിന്നീട് ‘ചക്കപ്പഴം’ എന്ന സംരംഭത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി എന്നത് അശ്വതിക്ക് വലിയ സന്തോഷം നിറഞ്ഞ വാര്‍ത്തയായിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.

അശ്വതി ശ്രീകാന്ത് തനറെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ട്. കമലയും പത്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരുമാണ്. പ്രസവിക്കുന്നതിന്റെ ദിവസം അടുത്തപ്പോഴും ചക്കപ്പഴത്തിൽ ആശയായി അശ്വതി എത്തിയിരുുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ നിരന്തര ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് അശ്വതി. ‘ചക്കപ്പഴ’ത്തിൽ ഇനി ‘ആശ’യായി ഉണ്ടാകില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്.

ഈ ഫ്രെയിമിൽ നിന്ന് പുറത്തുപോകുമ്പോൾ, ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ അവസാന സന്തോഷകരമായ ഫ്രെയിമായിരിക്കും ഇതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല!, അതെ, അവസാനത്തെ സമയം ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, അതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്… ‘ആശ’യായി എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കുന്ന നിരന്തരമുള്ള ചോദ്യങ്ങൾക്ക് നന്ദി, എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഫ്ലവേഴ്‍സ് ടിവിക്കും ഞങ്ങളുടെ മിടുക്കനായ സംവിധായകൻ ഉണ്ണികൃഷ്‍ണ സാറിനും എന്റെ സൂപ്പർ പ്രതിഭകളായ സഹതാരങ്ങൾക്കും നന്ദി. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളോരോരുത്തർക്കും നന്ദി… അപ്പോ, ഞാൻ ഇനി ‘ആശ’യാകില്ല, അശ്വതി മാത്രം…