ചേട്ടത്തീ അവള്‍ തന്നെയാണ് എന്ന് ഷാഫി പറഞ്ഞ ആ ദിവസം, അശ്വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമായ റാഫി കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ചക്കപ്പഴം എന്ന പരമ്പരയില്‍ സുമേഷ് എന്ന കഥാപാത്രമായി തിളങ്ങുകയാണ് റാഫി. തങ്ങളുടെ പ്രിയപ്പെട്ട സുമേഷിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു ചക്കപ്പഴം താരങ്ങള്‍. പരമ്പരയിലെ താരങ്ങള്‍ എല്ലാവരും തന്നെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇപ്പോഴിതാ റാഫിയ്ക്കും മഹീനയ്ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

ഷാഫിയുടെ കല്യാണത്തിന് ചക്കപ്പഴം ടീമിനൊപ്പം എടുത്ത ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതിയുടെ ആശംസ. ചേട്ടത്തീ അവള്‍ തന്നെയാണ് എന്ന് ഷാഫി പറഞ്ഞ ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ത്തുന്നു. പിന്നീട് ആ പ്രണയ യാത്രയ്ക്ക് സാക്ഷിയാവുക എന്നത് മനോഹരമായിരുന്നു. അര്‍ഹമായ എല്ലാ സന്തോഷങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിയ്ക്കുന്നു എന്നായിരുന്നു അശ്വതി കുറിച്ചത്.

ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു റാഫിയും മഹീനയും വിവാഹിതര്‍ ആയത്. വിവാഹത്തിന്റെയും റിസപ്ഷന്റെയും വീഡിയോകള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആണ്. ചക്കപ്പഴം സീരിയല്‍ കണ്ട് പ്രണയം തോന്നിയിട്ട് മഹീനയാണ് തന്നോട് വന്ന് പ്രണയം പറഞ്ഞതെന്നാണ് റാഫി പറഞ്ഞിരുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

മഹീനയും ടിക്ക് ടോക്കുകള്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ അരമണിക്കൂര്‍ വ്യത്യാസമേയുള്ളൂ. അവളെ ഞാന്‍ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവള്‍ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെയാണ് എന്നാണ് തന്റെ ജീവിത പങ്കാളിയെക്കുറിച്ച് റാഫി പറയുന്നത്. ചക്കപ്പഴം സീരിയല്‍ കണ്ട് ഇഷ്ടം തോന്നിയ കാര്യം മഹീന പറഞ്ഞു. ഞങ്ങളുടെ പ്രണയത്തില്‍ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ് എന്നും റാഫി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്ന കാര്യത്തിനാണെന്നും മറ്റുള്ള കാര്യങ്ങളിലൊന്നും നിര്‍ബന്ധമുള്ളയാളല്ല മഹീനയെന്നും റാഫി പറയുന്നു.