കണ്ണൂരിൽ ഓടുന്ന ബസിന് നേരെ കല്ലേറ്, ചില്ല് തകർന്നു

കണ്ണൂർ: ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ രാത്രി 9 മണിയോടെ തലശ്ശേരിയിലായിരുന്നു സംഭവം. തലശ്ശേരി- ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മിക എന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവ സമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിനെ തുടർന്ന് ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.

അതേസമയം കല്ലേറിൽ ആർക്കും പരിക്കില്ല. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് ബസ്സിന് കല്ലെറിഞ്ഞത്. എന്നാൽ കല്ലേറിന് പിന്നിലെ കാരണം വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് ബസും കല്ലെറിഞ്ഞവരെയും കസ്റ്റഡിയിൽ എടുത്തു.