ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെച്ചു; ചോദ്യം ചെയ്ത യുവതിയെ മൈക്ക് ഓപ്പറേറ്റര്‍ മര്‍ദ്ദിച്ചതായി പരാതി

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത യുവതിയെ മൈക്ക് ഓപ്പറേറ്റര്‍ മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്തതിനാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. പാട്ടിന്റെ ശബ്ദം കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ക്ലാസില്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു യുവതിയുടെ പരാതി.

ഇക്കാര്യം യുവതി മൈക്ക് ഓപ്പറേറ്ററായ ചെമ്പില്‍ വയല്‍ പ്രദിപനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രദീപന്‍ ഇക്കാര്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് ഞായറാഴ്ച വൈകുന്നേരം ഇതേ കാര്യം ആവര്‍ത്തിച്ച് പ്രദീപന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.