അട്ടപ്പാടി കേന്ദ്രീകരിച്ച് ക്രമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് സാന്നിധ്യം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലമാണ് അട്ടപ്പാടി. ലഹരിവസ്തുക്കള്‍ക്ക് അട്ടപ്പാടിയില്‍ വിലക്കുണ്ടങ്കിലും മദ്യവും കഞ്ചാവും ഇവിടെ സലഭമാണ്. കഴിഞ്ഞ ദിവസം തോക്ക് വ്യാപാരത്തിന്റെ പേരില്‍ നന്ദകിഷോര്‍ എന്ന യുവാവിന്റെ കൊലപാതകവും ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലാണ് അട്ടപ്പാടി എന്നതിന് ഉദഹരണമാണ്. അട്ടപ്പാടിയില്‍ മോഷണം നടത്തി എന്നാരോപിച്ച് മധുവിനെ ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിച്ച് കൊന്നത് കേരളത്തില്‍ വലിയചര്‍ച്ചയായ സംഭവമാണ്.

തോക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ തോക്ക് നല്‍കാത്തതിനെ തുടര്‍ന്ന് പത്തോളം വരുന്ന ഒരു സംഘം നന്ദകിഷോറിനെയും വിനയനെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്നെ നന്ദകിഷോര്‍ മരണപ്പെട്ടു.

നന്ദകിഷോറിനെയും വിനയനെയും ആക്രമിച്ച സംഘത്തിലെ ആറുപേര്‍ 25 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. ലഹരിവസ്തുക്കളുടെ വ്യാപാരം അട്ടപ്പാടിയില്‍ വര്‍ദ്ധിച്ച് വരുന്നതായി ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ലഹരി വിമുക്ത സ്ഥലമായ അട്ടപ്പാടിയില്‍ കഞ്ചാവും മയക്കുമരുന്നുമെല്ലാം യഥേഷ്ടം ലഭ്യമാണ്.

ചന്ദന മോഷണം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ പെരുകുകയാണ് അട്ടപ്പാടിയില്‍. നേരത്തെ വലിയ തോതില്‍ കഞ്ചാവ് കൃഷിയും അട്ടപ്പാടി കേന്ദ്രീകരിച്ച് നടന്നിരുന്നു.