അട്ടപ്പാടി മധു വധക്കേസ്, സീനിയര്‍ അഭിഭാഷകന്‍ കെ.പി സതീശന്‍ സ്ഥാനം രാജിവച്ചു

പാലക്കാട്‌. അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.പി സതീശന്‍ സ്ഥാനം രാജിവച്ചു. രാജി വച്ച വിവരം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. കെ.പി സതീശനെ നിയമിച്ചതിനെതിരെ നേരത്തെ മധുവിന്റെ അമ്മ മല്ലിയമ്മ ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു.

സർക്കാർ ഏകപക്ഷീയമായാണ് കെ.പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കെ.പി സതീശനെ നിയമിച്ചത്. മറ്റൊരു അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അപ്പീലുകളിന്മേലുള്ള വാദം വൈകിപ്പിക്കാനാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കുടുംബം ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

അതേസമയം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് കേസ് ഫയലുകൾ കൈമാറുമെന്ന് കെ.പി സതീശൻ അറിയിച്ചു. വാളയാർ കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടു വച്ച നുണ പരിശോധനയെ പരാതിക്കാരി എതിർത്തുവെന്നും കെ.പി സതീശൻ പറഞ്ഞു. വാളയാർ കേസിലെ സി.ബി.ഐ പ്രോസിക്യൂട്ടർ കൂടിയാണ് സതീശൻ.