അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്; പിന്നാലെ പ്രസവിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ മൂന്നരക്കിലോ മീറ്ററോളം ദൂരം തുണി മഞ്ചലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. . റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് സംഭവം. അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമക്കുകയായിരുന്നു.

അട്ടപ്പാടി കടുകമണ്ണ ഊരിലാണീ സംഭവം നടന്നത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു. കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്കെത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം.
രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു.

ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ ലഭിച്ചില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസെത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിനെത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ കണ്ണ് തുറക്കേണ്ടതുണ്ട്.