ആറ്റുകാൽ പൊങ്കാല ഇന്ന്, പത്തരയോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല സമർപ്പണം ഇന്ന്. പൊങ്കാല നിവേദ്യ സമർപ്പണത്തിനായി നിരവധി ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരുക. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യം നടക്കുക. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ദിവസത്തിലാണ് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നത്. ഈ ദിവസം ആദിപരാശക്തിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ലഭിക്കും എന്നാണ് വിശ്വാസം.

ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുന്നത്. ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകരുന്നത് സഹ മേല്‍ശാന്തിയാണ്. ഇതോടെ പൊങ്കാല അര്‍പ്പണം ആരംഭിക്കും. ഉച്ചയ്ക്ക് 2:30 ന് പൊങ്കാല നിവേദ്യം ആരംഭിക്കും. ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിക്കാരാണ് നിവേദ്യം നടത്തുക.

രാവിലെ 4:30ന് പള്ളിയുണർത്തലോടെയാണ് ക്ഷേത്രത്തിലെ ഇന്നത്തെ ചടങ്ങുകൾ ആരംഭിച്ചത്. 5:00 മണിക്ക് നിർമാല്യദർശനവും, 5:30ന് അഭിഷേകവും നടന്നു, 6:05ന് ദീപാരാധന, 6:40 ഉഷപൂജ, 8:30 പന്തീരടിപൂജ, ദീപാരാധന, 10 മണിക്ക് ശുദ്ധ പുണ്യാഹം,10:30ന് അടുപ്പുവെട്ട്, പൊങ്കാല, ഉച്ചയ്ക്ക് 2:30ന് ഉച്ചപൂജ, പൊങ്കാല നിവേദ്യവും, 3 മണിക്ക് ഉഷശ്രീബലി, ഉച്ചശ്രീബലിയും നടക്കും. വൈകുന്നേരം 6:45ന് ദീപാരാധന.