തോട്ടിൽ വീണ രണ്ട് വയസ്സുകാരി 200 മീറ്ററോളം ഒഴുകി, ജീവൻ രക്ഷിച്ചത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ

രണ്ട് വയസ്സുകാരി തെരേസക്ക് ഇത് പുനർജന്മം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കാൽവഴുതി വെള്ളക്കെട്ടിലേക്ക് വീഴുന്നത്. അവധിക്ക് അമ്മ വീട്ടിൽപ്പോയപ്പോഴാണ് അപകടം സംഭവിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടക്കുന്നത്. കുട്ടി വഴുതി വീണത് ആരും കണ്ടില്ല. 200 മീറ്ററോളം ഒഴുകി പൊന്നൊഴുകും തോട്ടിലേക്ക് ചേരുന്ന ഭാഗത്ത് എത്തി. തോട്ടിൽ കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകി വരുന്നതു കണ്ടു. ഇവർക്ക് പിടിക്കാൻ കഴിഞ്ഞില്ല

ഇവർ അലമുറയിട്ട് കരഞ്ഞതോടെ സമീപത്തുണ്ടായിരുന്ന കല്ലമ്പള്ളിൽ ആനന്ദും കൂട്ടുകാരും ചേർന്ന് കരക്കുകയറ്റി. അബോധാ വസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ പുതിയിടം ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പാലായിലെ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാണി സി കാപ്പൻ എംഎൽഎ കുട്ടിയെ തന്റെ വണ്ടിയിൽ കൊണ്ടുപോയി.

പാലാ ചാവറ സ്‌കൂൾ അധ്യാപകനായ കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളാണ് തെരേസ. ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിലെ അധ്യാപികയാണ് അമ്മ ബിന്ദു. മൂന്നു വയസ്സുകാരി എലിസബത്താണ് തെരേസയുടെ സഹോദരി. അപകടനില തരണം ചെയ്തതതായി ആശുപത്രി അധികൃതർ പറഞ്ഞു.