ബാലഭാസ്ക്കർ വിടപറഞ്ഞിട്ട് മൂന്നുവർഷം, ഇന്നും വിശ്വസിക്കാനാവാതെ ആരാധകർ

സംഗീതം പ്രാണവായുവാക്കിയ അതുല്യ കലാകാരൻ വയലിനിസ്റ്റ് ബാലഭാസ്‌കർ മരിച്ചു എന്ന് ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനാവില്ല. ബാലുവിനെ ഓർക്കാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല. ബാലഭാസ്‌കർ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം. 2018 സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു. വിവാഹതിരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൊഴായിരുന്നു അപകടം.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷ്മിയും മൊഴി നൽകിയതോടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കൾ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചെങ്കിലും അപകടമരണം തന്നെയാണെന്ന കണ്ടെത്തലിലാണ് അവരും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ കോടതിയിൽ നൽകുകയും ചെയ്തു. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്‌കർ.