അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ല, മഞ്ഞകണ്ണാടി ഇട്ട് കണ്ടാല്‍ എല്ലാം മഞ്ഞ ആയിരിക്കും, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലാജി ശര്‍മ്മ

അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയതിനു പിന്നാലെ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

താൻ അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ലെന്നും മഞ്ഞകണ്ണാടി ഇട്ട് കണ്ടാല്‍ എല്ലാം മഞ്ഞ ആയിരിക്കുമെന്നും താരം പറഞ്ഞു. എല്ലാത്തിലും കുഴപ്പം കാണുന്നത് നമ്മുടെ എന്തോ കുഴപ്പമാണ്. അമ്മയ്‌ക്ക് വരെ ചീത്ത വിളിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

“ഇന്ത്യൻ പൗരൻ എന്ന നിലയില്‍ ഒരു സ്ഥലം സന്ദർശിക്കാനുള്ള അവകാശമില്ലേ. അതോ അയോദ്ധ്യ ഞാൻ സന്ദർശിച്ചത് കൊണ്ടാണോ ഇത്തരത്തില്‍ അസഭ്യ കമൻ്റുകളും മതതീവ്രവാദി എന്ന ചാപ്പ കുത്തലും. പോസിറ്റിവിറ്റി കിട്ടുന്ന എല്ലായിടത്തും ഞാൻ പോകാറുണ്ട്. മലകളിലും പുഴകളിലും പോകാറുണ്ട്. സമുദ്രങ്ങളില്‍ പോകാറുണ്ട്, ചായക്കടയില്‍ പോകാറുണ്ട്. പോകണമെന്ന് തോന്നുന്നയിടങ്ങളിലൊക്കെ പോകാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? പോകുന്ന സ്ഥലങ്ങളിലെ കാഴ്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കാറുമുണ്ട്. അവ ഇഷ്ടപ്പെടുന്ന കുറേ ആളുകള്‍ ഉണ്ട്. പുതിയൊരു സ്ഥലം കാണാനുള്ള ആഗ്രഹമായിരുന്നു അയോദ്ധ്യ സന്ദർശനം. എല്ലാവരും പോകുന്ന കൂട്ടത്തില്‍ ഞാനും പോയി”-അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ സാധാരണമാണ് നെറ്റിയില്‍ ജയ് ശ്രീറാം പതിക്കുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്ന സ്ത്രീകളും കൊച്ചുകുട്ടികളുമാണ് വില്‍പനക്കായി നില്‍ക്കുന്നത്. കാശിയില്‍ പോയപ്പോള്‍ ഓം നമഃ ശിവായ എന്നായിരുന്നു നെറ്റിയില്‍ പതിച്ചിരുന്നത്. അതല്ലാതെ മറ്റൊരു ആശയം പങ്കുവയ്‌ക്കാനായിരുന്നില്ല അത്. ഇത് മതതീവ്രവാദം ആണോയെന്നും അദ്ദേഹം ചോദിച്ചു.

എന്ത് ചെയ്താലും കുറ്റം എന്ന അവസ്ഥയിലേക്കാണ് നാം മറുന്നത്. വിമർശനം ആകാം, എന്നാല്‍ വൃത്തികെട്ട ഭാഷയിലുള്ള വിമർശിക്കാൻ നില്‍ക്കരുത്. ഇല്ലാത്ത കാര്യങ്ങള്‍ ഊതി വീർപ്പിക്കാൻ ശ്രമിക്കരുത്. സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് പറഞ്ഞവർക്കും അദ്ദേഹം മറുപടി നല്‍കി. സിനിമ എന്ന വികാരം മാത്രമാണ് സിനിമക്കാർക്ക് ഉള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.