ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമാവില്ല – യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി

പൊതു നിയന്ത്രണങ്ങളുടെ ഭാഗമായി ഹിജാബ് നിരോധിക്കാവുന്നതാണെന്നു യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതിയുടെ നിർണായക വിധി.
പൊതു നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണെങ്കിൽ ഹിജാബ് നിരോധിക്കുന്നത് തെറ്റല്ലെന്ന് യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതി പറഞ്ഞിരിക്കുന്നത്. എല്ലാ ശിരോവസ്ത്രങ്ങൾക്കും നിരോധനമേർപ്പെടുത്താൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല. ഇത് യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കുന്നു. സ്‌കൂളുകളിൽ ഹിജാബ് വിലക്കിയതിനെതിരെ ഇന്ത്യയിൽ മതമൗലികവാദികൾ പ്രതിഷേധമുയർത്തുകയും ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ദിനംപ്രതി ശക്തമാകുകയും ചെയ്യുന്നതിനിടയിലാണ് യൂറോപ്യൻ യൂണിയൻ പരമോന്നത കോടതിയുടെ നിർണായക ഉത്തരവ്‌ ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഒരു മുസ്ലീം യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ നിർണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്. ബെൽജിയത്തിലെ ഒരു കമ്പനിയിൽ ആറാഴ്ചത്തെ വർക്ക് ട്രെയിനിഷിപ്പിന് അപേക്ഷിച്ച യുവതിയോട് ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്പനി അധികൃതർ നിർദ്ദേശിച്ചിരുന്നു. തൊപ്പി, ശിരോവസ്ത്രം ഉൾപ്പെടെയുളളവയും ഈ കമ്പനി അനുവദിക്കാറില്ല. പിന്നെ എങ്ങനെ ഹിജാബിന് മാത്രം അനുമതി നൽകുമെന്നാണ് കമ്പനി ചോദിക്കുന്നത്. ഇതോടെ യുവതി പരാതിയുമായി ബെൽജിയം കോടതിയെ സമീപിക്കുകയായിരുന്നു.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യൂറോപ്യൻ യൂണിയൻ നിയമത്തിന് കീഴിലായത് കൊണ്ടുതന്നെ ബെൽജിയം കോടതി യൂറോപ്യൻ യൂണിയൻ കോടതിയിലേക്ക് വിഷയം കൈമാറുകയായിരുന്നു. ശിരോവസ്ത്രത്തിന്റെ പൊതുവായ നിരോധനം യൂറോപ്യൻ യൂണിയൻ നിയമത്തിന് എതിരല്ലെന്നാണ് യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി വിധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന് കീഴിൽ വരുന്ന കമ്പനികൾക്ക് ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്ന് 2021 ൽ കോടതി ഉത്തരവിട്ടിരുന്നു. കമ്പികളുടെ നിഷ്പക്ഷത കാണിക്കുന്നതിന്റെ ഭാഗമായി ഇത് കണക്കാക്കാമെന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞിരുന്നത്.