ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണം: ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഓണാവധി കഴിഞ്ഞ് ഹര്‍ജി കോടതി പരിഗണിക്കുന്നതാണ്.

ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദു റഹ്മാൻ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നതതലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പൊലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ മുഖ്യമായും ആരോപിച്ചിരിക്കുന്നത്.

അപകട ദിവസം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. ഫോണില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഹര്‍ജിയിൽ പറഞ്ഞിട്ടുണ്ട്. ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നും, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരിക്കുന്നു.

പ്രതിക്ക് അനുകൂലമായ നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യത കാണുന്നില്ല. അതിനാൽ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തില്‍ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.