ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തി ഇടത് യുവജന സംഘടനകൾ ; യുവമോർച്ച പ്രതിഷേധം ശക്തം

രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്തുകൊണ്ടുള്ള വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരിക്കെ ഡോക്യുമെന്ററി വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച് ഇടത് യുവജന സംഘടനകൾ. കോഴിക്കോട്ട് മുതലകുളം സരോജ് ഭവനിലും തിരുവനന്തപുരം ലോ കോളജിലും കൊച്ചിയില്‍ ലോ കോളജിലും കലൂര്‍ ബസ് സ്റ്റാന്‍ഡിലും പാലക്കാട് വിക്ടോറിയ കോളജിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിന് കണ്ണൂര്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു.

ബിബിസി ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം കേരളത്തിൽ തിരുവനന്തപുരം ലോ കോളേജിൽ നടന്നു. കോളേജ് അധികൃതരുടെ നിർദ്ദേശം മറികടന്നാണ് പ്രദർശനം നടന്നത്. വിവാദ ബിബിസി ഡോക്യുമെന്ററി എസ് എഫ് ഐയുടെ നേതൃത്വത്തിൽ പാലക്കാട് വിക്ടോറിയ കോളജിൽ പ്രദർശിപ്പിച്ചു. മലയാള വിഭാഗത്തിലായിരുന്നു പ്രദർശനം.

നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി. കോളജ് കവാടം തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐ പ്രവർത്തകരും ക്യാംപസ് കവാടത്തിൽ നിലയുറപ്പിച്ചതോടെ കൂടുതൽ പൊലീസെത്തി സുരക്ഷ ഉറപ്പാക്കി. ബിബിസി ഡോക്യുമെന്‍റി പ്രദര്‍ശനത്തിനെതിരെ വിവിധയിടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും യുവമോര്‍ച്ച പ്രതികരിച്ചു.