ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ മാർച്ച് ; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പിന്നാലെ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ തന്നെ ഉത്തവിട്ടതോടെയാണ് ഇത് പ്രദർശിപ്പിക്കാനുള്ള നീക്കങ്ങൾ പലയിടത്തും തുടങ്ങിയത്. എതിർപ്പുകളെ വകവെയ്ക്കാതെ സംസ്ഥാനത്ത് ഇന്ന് പലയിടത്തും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

കോളേജുകളിൽ അനുമതിയില്ലാതെയാണ് പ്രദർശനം നടന്നത്. രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച നേരത്തെ വ്യക്തമാക്കിയിരുന്നു. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണൻ പ്രതികരിച്ചിരുന്നു.

സംസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തുവന്നു. സുപ്രീംകോടതിയേയും രാജ്യത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടത് യുവജന സംഘടനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് പിന്തിരിപ്പിരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലം മറികടന്നാണ് സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടന്നത്.