സ്വപ്നയും ഷാജ് കിരണും അപകീര്‍ത്തിയുണ്ടാക്കിയെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

 

പത്തനംതിട്ട/ സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് മാനനഷ്ടത്തിന് കോടതിയില്‍ ഹര്‍ജി നല്‍കി. ഇരുവരുടേയും പ്രസ്താവനകൾ സഭയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ചു കൊണ്ട് തിരുവല്ല ഒന്നാം ക്ലാസ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. വെളിപ്പെടുത്തലില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നത്. അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്‌സിആര്‍എ റദ്ദായതെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്‌ന പറഞ്ഞിരുന്നതായി ബിലീവേഴ്‌സ് ചര്‍ച്ച് ആരോപിക്കുന്നു.

ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്‌ന പുറത്തുവിട്ടിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബിഷപ്പ് കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നതാണ്.