പിണറായിക്കെതിരെ വിമാനത്തിൽ യുദ്ധം, രാജി ആവശ്യപ്പെട്ട് യാത്രക്കാർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽപ്പോലും പ്രതിഷേധം. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. സിപിഎമ്മിന്റെ നേതാവും മുൻ മന്ത്രിയുമായ ഇപി ജയരാജനും ഒപ്പമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാർ മുഖ്യമന്ത്രിയെ കണ്ടതോടെ പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധവുമായി മറ്റ് യാത്രക്കാരെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇപി ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിട്ടു.

റോഡിൽ മാത്രമല്ല ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം വരികയാണ്. കരയിൽ നിന്നുള്ള പ്രതിഷേധമാണ് ആകാശത്തേക്കെത്തിയത്. മുഖ്യമന്ത്രി റോഡു മാർ​ഗമോ ട്രെയിൻ മാർ​ഗമോ തിരുവനന്തപുരത്തെത്തിയിരുന്നെങ്കിൽ ഒരു പക്ഷെ കല്ലേറുപോലും ഉണ്ടാകുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് മുൻ മന്ത്രി എംവി രാഘവൻ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ട്രെയിനിന്റെ ചില്ല് എറിഞ്ഞുടച്ചിരുന്നു. അതിനാൽ തന്നെ ട്രെയിനിലുള്ള യാത്ര ദുസ്സഹമാണെന്ന് മനസിലാക്കിയാണ് പിണറായി വിമാനത്തിൽ യാത്ര ചെയ്തത്. ആകാശത്തിൽ പോലും പിണറായിക്ക് പ്രതിഷേധം വന്നു എന്നത് സൂചിപ്പിക്കുന്നത് കേരളത്തിന്റെ ഭരണവിരുദ്ധ വികാരത്തെയാണ്. ഇത്തരത്തിലൊരു പ്രതിഷേധം മുമ്പൊന്നും ഉണ്ടായിട്ടില്ല. യൂത്തു കോൺ​ഗ്രസ് പ്രവർത്തകാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിനിറങ്ങിയത്.

‌മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ചു കൊണ്ട് എത്തിയ യൂത്ത് കോൺ​ഗ്രസുകാരെ ഒപ്പമുണ്ടായിരുന്നവർ തള്ളിമാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രതിഷേധക്കാർ വിമാനത്തിൽ കയറിയത്. മുഖ്യമന്ത്രിയുടെ യാത്ര അറിഞ്ഞുകൊണ്ടു തന്നെ ഇവർ മുൻകൂട്ടി ടിക്കറ്റെടുത്തതാണോ അതോ പെട്ടന്നുണ്ടായ വികാരമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

തളിപ്പറമ്പിനെ നിശ്ചലമാക്കിയാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. ശ്രീകണ്ടാപുരത്ത് നടത്തിയ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് പ്രതിപക്ഷ പാർട്ടിയുടെ നേതാക്കളെപ്പോലും നോട്ടീസ് കൊടുത്ത് ഒഴിപ്പിച്ചിരുന്നു. 1000ത്തിലധികം പോലീസുകാർ മുഖ്യമന്ത്രിയുടെ വേദിക്കടുത്ത് കാക്കി മതിൽ തീർത്തിരിന്നു. ഡിജിപിയടക്കമുള്ളവർ സുരക്ഷ സന്നാഹങ്ങൾ വിലയിരുത്തി. ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും മുഖ്യമന്ത്രിയോട് പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അവ​ഗണിച്ചാണ് മുഖ്യമന്ത്രി പരിപാടികൾക്കെത്തിയത്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് വിമാനത്തിൽ പ്രതിഷേധമുണ്ടായത്. വിമാനത്തിലെ പ്രതിഷേദം കണ്ട് മുഖ്യമന്ത്രി അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി.