സ്ഥാനം സദസിന്റെ മുൻനിരയിൽ, ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമൻ രഘു

കേരളീയം പരിപാടിയ്ക്ക് ഇന്നലെ തലസ്ഥാന നഗരിയിൽ തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവ മാമാങ്കത്തിൽ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിന് നടൻ ഭീമൻ രഘുവും പങ്കെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ഇരുന്നാണ് ഭീമൻ രഘു കേട്ടത്.

സദസിന്റെ മുൻനിരയിൽ തന്നെയായിരുന്നു ഭീമൻ രഘുവിന്റെ സ്ഥാനം. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ പ്രതികരണവുമായി താരമെത്തി. ‘അന്ന് എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എപ്പോഴും അതിന്റെ ആവശ്യം ഇല്ല, എന്നായിരുന്നു ഇന്ന് ഭീമൻ രഘുവിന്റെ ന്യായീകരണം’.

കഴിഞ്ഞ സെപ്റ്റംബർ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമൻ രഘു സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവാർഡ് ദാന ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും നിശാഗന്ധി ഓഡിറ്റോറിയത്തിലെ സദസിൽ മുൻ നിരയിൽ കസേര ഉണ്ടായിരുന്ന ഭീമൻ രഘു ഭാവഭേദങ്ങളില്ലാതെ എഴുന്നേറ്റു നിന്നു.അന്ന് നിൽപ്പിൻറെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു മറുപടി. ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയ ശേഷം ഉള്ള പരിപാടി ആയിരുന്നു അത് എന്നതിനാൽ വളരെ വാർത്താ പ്രാധാന്യം നേടിയ ആ സംഭവത്തെ തുടർന്ന് രഘു ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു.