ഇടതുപക്ഷത്തെ നന്നാക്കാനാണ് ശ്രമം, എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാറെന്ന് ഭീമൻ രഘു

തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു. അടുത്തിടെയാണ് താരം സിപിഎമ്മിൽ അം​ഗത്വം എടുത്തത്. അന്നു മുതൽ സിപിഎമ്മിന്റെ ശബ്ദമായി മാറുകയാണ് ഭീമൻ രഘു. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എൽഡിഎഫിന്റെ പ്രചാരകനാകാൻ ആ​ഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടുപക്ഷത്തിന് വേണ്ടി മത്സരിക്കാനും സുരേഷ് ​ഗോപിയെ നേരിടാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞത്.

സുരേഷ് ​ഗോപിയെ തിരഞ്ഞെടുപ്പിൽ നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാൽ പലരും വേറൊരു രീതിയിൽ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നിൽക്കാനും തിരഞ്ഞെടുപ്പ് സമയം പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ്. സുരേഷ് ​ഗോപി നിൽക്കുന്നിടത്ത് ഞാൻ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. സത്യം സത്യമായിട്ട് പറയും’.

‘എന്നക്കാളും വലിയ ചുമതലയാണ് സുരേഷ് ​ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോൾ ഞാൻ വിളിച്ചാൽ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാൽ അദ്ദേഹം വന്നില്ല. അമിതാഭ് ബച്ചൻ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാൻ. അത്ര കോൺഫിഡന്റ് ആണ് ഞാൻ. ബിജെപി എനിക്ക് ചാൻസ് തന്നില്ല. ഞാൻ എൽഡിഎഫിൽ വന്നു. ആ പാർട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. തന്നെ തിരഞ്ഞെടുപ്പിൽ നിർത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.