‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇവന്റെ കൈകളിൽ സുരക്ഷിതം’ വിഡിയോ പങ്കുവെച്ച് ബി​ഗ് ബി

എന്റമ്മോ എന്തൊരു ഉശിരൻ ഷോട്ട്..! പറന്നു എത്തുന്ന ഓരോ പന്തും നല്ല മെയ്‌ വഴക്കത്തോടെ അടിച്ചു പറപ്പിക്കുകയാണ് കോച്ച് മിടുക്കൻ. ഒരു കൊച്ചു മിടുക്കന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ ഹിറ്റായിരിക്കുകയാണ്. നടൻ അമിതാഭ് ബച്ചനാണ് ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വരും തലമുറയുടെ കൈകളിൽ സുരക്ഷിതമാണെന്ന കുറിപ്പോടെയാണ് ബി​ഗ് ബി വിഡിയോ പങ്കുവെച്ചിട്ടുള്ളത്.

കവർ ഡ്രൈവും സ്ട്രൈറ്റ് ഡ്രൈവും പുൾ ഷോട്ടും ഹുക്കും എന്തിന് പറയുന്നു, മഹേന്ദ്ര സിങ് ധോനിയുടെ ഹെലികോപ്റ്റർ ഷോട്ട് വരെ വളരെ നിസാരമാണെന്ന് കാട്ടുകയാണ് ഈ കുട്ടി. വിഡിയോ വൈറലായതോടെ കൊച്ചു മിടുക്കന് സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസുകളുടെ പ്രവാഹവും. ഭാവിയിലെ വിരാട് കോഹ്‌ലി എന്നൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ കുട്ടിത്താരത്തെ വാഴ്ത്തി കൊണ്ടിരിക്കുന്നത്.

അതേസമയം, വിഡിയോയിൽ ഉള്ളത് ഇന്ത്യക്കാരനല്ല പാകിസ്ഥാനിൽ നിന്നുള്ള കുട്ടിയാണെന്നും കമന്റുകൾ വന്നിട്ടുണ്ട്. 14.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2 ദശലക്ഷത്തോളം ലൈക്കുകൾ ഇതിനകം വിഡിയോയ്‌ക്ക് കിട്ടിയിട്ടുണ്ട്.