ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആദ്യത്തെ വോട്ടടുപ്പാണ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ കൂടി അധികം നല്‍കിയിട്ടുണ്ട്. 71 മണ്ഡലങ്ങളിലായി രണ്ട് കോടിയിലേറെ ജനങ്ങള്‍ പോളിംഗ് സ്‌റ്റേഷനുകളിലെത്തുമെന്നാണ് കരുതുന്നത്. 1066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

കോവിഡ് പ്രതിസന്ധികള്‍ നിലനില്ക്കുന്നത് കാരണം പോളിംഗ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ട് കോടി 15 ലക്ഷമാണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ കോവിഡ് രോഗികള്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും എണ്‍പത് വയസ്സിനു മുകളിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1066 മത്സരാര്‍ത്ഥികളില്‍ 114 പേര്‍ വനിതകളാണ്. മൂന്ന് ഘട്ടങ്ങളായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും. എന്‍ഡിഎ സര്‍ക്കാരിലെ ആറ് മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം തിങ്കളാഴ്ചയാണ് അവസാനിച്ചത്.