വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പാട്‌ന. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യ നിരക്ക് കുറയുന്നുവെന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീകളോട് അനാദരവ് കാണിച്ചിട്ടില്ലെന്നും അപകീര്‍ത്തികരമായിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് നിതീഷ് കൂമാര്‍ പ്രതികരിച്ചു. ബിഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിലായിരുന്നു നിതീഷിന്റെ പരാമര്‍ശം.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും എങ്ങനെ നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ മനസ്സിലാക്കണമെന്നും നിതീഷ് പറഞ്ഞു.

അതേസമയം നിതീഷ് കുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.