ബാര്‍ കോഴക്കേസ്; ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ്

ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ്. ആരെയും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വ്യാജ കേസുകളില്‍ തന്നെ വേട്ടയാടിയപ്പോഴും താന്‍ ആരോപണങ്ങളില്‍ ഉറച്ചു നിന്നിരുന്നു. താന്‍ മാറിയിട്ടില്ല. മാറി പോകുന്നത് രാഷ്ട്രീയക്കാര്‍ക്കാണെന്നും ബിജു രമേശ് ആരോപിച്ചു.

വിജിലന്‍സ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് എന്താണുറപ്പെന്നും ബിജു രമേശ് ചോദിച്ചു. വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. താന്‍ ആരുടേയും വക്താവല്ല. കെഎം മാണിക്കെതിരെ കേസ് അന്വേഷിക്കാത്തത് അദ്ദേഹം പിണറായി വിജയന്റെ വീട്ടിലെത്തി കണ്ടതുകൊണ്ടാണ്. അതുകൊണ്ട് കേസ് അന്വേഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. എന്നാല്‍ താന്‍ ആരുടേയും വക്താവല്ലാത്തതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ബിജു രമേശ് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ അതിലൊന്നും കേസെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശന്‍ പറഞ്ഞു. 164 സ്‌റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുന്‍പ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണംകൊണ്ടാണ് 164 സ്‌റ്റേറ്റ്‌മെന്റില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു.
ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു.

സൂക്ഷിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞിരുന്നു. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടില്‍ നിന്ന് പിടിച്ചു. ഒരാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചിട്ടും ഉന്നത ഇടപെടലില്‍ പൊലീസ് കേസെടുത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു.