ഉപ്പും മുളകും ഇനിയില്ലെന്ന് സ്ഥിരീകരിച്ച് ബിജു സോപാനം, ഇനി പരമ്പര വന്നാലും ഞങ്ങള്‍ ഉണ്ടോ എന്ന് അറിയില്ലെന്ന് നിഷയും

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പരയിലെ ബാലുവിനെയും നീലുവിനെയും അവരുടെ മക്കളെയും മലയാള പ്രേക്ഷകര്‍ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കണ്ടിരുന്നത്. ആയിരത്തില്‍ അധികം എപ്പിസോഡുകള്‍ പരമ്പരയുടേതായി സംപ്രേഷണം ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡ് ഉണ്ടായിരുന്നില്ല. കുറച്ചു നാളുകള്‍ക്ക് ശേഷമേ ഇനി പരമ്പര ആരംഭിക്കുകയുള്ളു എന്നായിരുന്നു ചാനല്‍ അധികൃതര്‍ അറിയിച്ചത്.

ഇതിന് പിന്നാലെ ഉപ്പും മുളകും ടീം ബ്രേക്ക് എടുത്തത് ആരാധകരെ ഒന്നടങ്കം നിരാശയിലുമാക്കി. പുതിയ എപ്പിസോഡ് എന്നാണെന്ന് തിരക്കി പലരും സോഷ്യല്‍ മീഡിയകളില്‍ എത്തി. എന്നാല്‍ കൃത്യമായ മറുപടി ചാനലിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഉപ്പും മുളകും താരങ്ങളും കൃത്യമായ വിവരം നല്‍കിയിരുന്നില്ല.

ഉപ്പും മുളകും ഇല്ലാത്ത സമയത്തും പരമ്പരയിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. അതേസമയം പുറത്തെത്തിയ പുതിയൊരു വീഡിയോയില്‍ പരമ്പരയെ കുറിച്ച് സംസാരിച്ച് ബിജു സോപാനവും നിഷാ സാരംഗും രംഗത്ത് എത്തിയിരുന്നു. ഉപ്പും മുളകും നിര്‍ത്തിയതായി അറിയിച്ചാണ് താരങ്ങള്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലെ ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ഉപ്പും മുളകും നിര്‍ത്തി, ഇനി വരില്ലെന്ന് വീഡിയോയില്‍ ബാലു പറയുന്നു. ഒഫീഷ്യലി അവര്‍ ഇക്കാര്യം അറിയിച്ചു. അതിനെ തുടര്‍ന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്. ഉപ്പും മുളകും ഇനി വരില്ല,. പക്ഷേ റിടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകള്‍ കാണാം. ഞങ്ങളുടെ ഷൂട്ടിംഗ് ഇനിയില്ല. എല്ലാവരും അതൊന്ന് മനസിലാക്കണം. എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ബിജു സോപാനം പറഞ്ഞു. അതേസമയം ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകിലും ഇനി ഞങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യമെന്ന് നിഷാ സാരംഗും പറഞ്ഞു.