ദേശീയപാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ : അരൂർ ദേശീയപാതയിലെ കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സനിൽ കുമാർ ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകവെയായിരുന്നു അപകടം. ബൈക്ക് റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്ക് ഫുട്ട് പാത്തിലേക്ക് വീണു. സനിൽ കുമാർ റോഡിലേക്ക് തെറിച്ചു വീണു.

എന്നാൽ പിന്നാലെ വന്ന കണ്ടെയ്‌നർ ട്രെയിലർ ഇടിച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു. പ്രദേശത്ത് ആകാശപാത നിർമ്മിക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് വെച്ച് മറച്ചിരുന്നു. ഇതിനാൽ തന്നെ റോഡിന് വീതി കുറവാണ്. ഇവിടെ കുഴിച്ചിരുന്ന കുഴി മൂടിയിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്.

അതേസമയം കോഴിക്കോട് കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാട് പുൽകുഴിയിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന 5 സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്. കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ (23) എന്നിവർ ചികിത്സയിലാണ്. പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായിൽ സുഹറ(50) തിങ്കളാഴ്ച്ച രാത്രി 11.30 ഓടെ മരിച്ചിരുന്നു.

ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ (65) അപകടദിവസം തന്നെ മരിച്ചിരുന്നു. അഞ്ചു പേരെയും റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.