തുറന്നു കിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞ് കൈക്കുഞ്ഞടക്കം മൂന്ന് പേര്‍ കാനയില്‍ വീണു

തൃശൂര്‍. പണി പൂര്‍ത്തിയാക്കാത്ത കാനയില്‍ വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കുട്ടിയുമായി ബൈക്കില്‍ സഞ്ചാരിക്കുകയായിരുന്നവരാണ് കാനയില്‍ വീണത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് കാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും സഹോദരിയുടെ കുട്ടിയുമാണ് അപകടത്തില്‍ പെട്ടത്.

തൃശൂര്‍ പാലുവായി സ്വദേശികളാണ് മൂന്ന് പേരും. അതേസമയം അപകടത്തില്‍ പെട്ട മൂന്ന് പേരെകുറിച്ചും മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ബൈക്ക് നിര്‍ത്തുന്നതിനായി കാല് കുഴിയില്‍ കുത്തിയതോടെ മൂന്ന് പേരും ഓടയിലേക്ക് വീഴുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.

റോഡ് വികസനത്തിന്റെ ഭാഗമായി പാവറട്ടി സെന്‍ട്രലില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കാനയോട് ചേര്‍ന്ന് നികത്താത്ത കുഴിയുമുണ്ട്. കഴിഞ്ഞ 10 ദിവസമായി കാന തുറന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.