ശ്രീധരൻപിള്ളയെ വെട്ടി ടോം വടക്കനു സീറ്റ്: അന്തിവ പട്ടികയിൽ വൻ അഴിച്ചുപണി നടത്തി ബിജെപി; തുഷാർ തൃശൂരിൽ മത്സരിക്കും

ന്യൂഡെൽഹി: സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ വെട്ടി കോൺഗ്രസ് വിട്ടു വന്ന ടോം വടക്കന് ബിജെപിയിൽ സ്ഥാനാർഥിത്വം നൽകുന്നുവെന്ന് റിപ്പോർട്ട്. തർക്കങ്ങൾ അവസാനിച്ചതോടെ ബിജെപിയുടെ അന്തിമ പട്ടികയായെന്നും പാർലമെന്‍ററി ബോർഡ് യോഗത്തിനു ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. ശ്രീധരൻപിള്ളയും- കുമ്മനവും ഡെൽഹിയിലുണ്ട്.

അതേസമയം ശ്രീധരൻപിള്ളയെ സ്ഥാനാർഥി പട്ടികിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ വിവാദം ഉയർന്നിട്ടുണ്ട്. കുമ്മനം തിരുവനന്തപുരത്ത് തന്നെ മത്സരിക്കും. ശ്രീധരൻപിള്ള മാറിയതോടെ എം.ടി രമേശ് പത്തനംതിട്ടയിൽ എത്തുമെന്നാണ് സൂചന. എന്നാൽ കെ. സുരേന്ദ്രന്‍റെ കാര്യത്തിൽ എന്താണ് തീരുമാനമെന്നു വ്യക്തമല്ല. സുരേന്ദ്രനു പത്തനംതിട്ട നൽകണമെന്ന ആവശ്യവും ശക്തമാണ്.

ബിഡിജെഎസ് സ്ഥാനാർഥിയായ തുഷാർ തൃശൂരിൽ മത്സരിക്കും. ടോം വടക്കനെ ചാലക്കുടിയിൽ മത്സരിപ്പിക്കാനാണ് ധാരണ. ആലപ്പുഴയിൽ കെഎസ് രാധാകൃഷ്ണനെയാകും മത്സരിപ്പിക്കുക. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലും സി. കൃഷ്ണ കുമാർ പാലക്കാടും മത്സരിക്കും. ആനന്ദബോസ് ഉൾപ്പെടെയുള്ളവരും ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലുണ്ട്.